സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം പൂര്‍ണ്ണമായും സിനിമാ ജീവിതം സ്വപ്‌നം കണ്ട് നടന്നവര്‍ ആയിരുന്നില്ല. പലരും ഇപ്പോഴും നടീ നടന്മാര്‍ ആകാനുള്ള വഴി തേടി അലയുമ്പോള്‍ ഇപ്പോള്‍ സിനിമാ-സീരിയല്‍ മേഖലകളില്‍ വിഹരിക്കുന്ന പലരും ഇത്തരത്തില്‍ ഒരു ജീവിതം മോഹിച്ചിരുന്നവര്‍ ആയിരുന്നില്ല എന്നും വെളിപ്പെടുത്തലുകള്‍ വരാറുണ്ട്.
കുടുംബ ജീവിതം കൊതിച്ച് ഇരുന്നയാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഒഴിവാക്കാനാകാത്ത കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന രേഖാ രതീഷ്. ഇപ്പോള്‍ തന്റെ ജോലിയാണ് അഭിനയം. എന്നാല്‍, ചെറുപ്പ കാലത്ത് ഒരിക്കല്‍ പോലും ഇത്തരമൊരു ജോലിയെ കുറിച്ച് താന്‍ ചിന്തിച്ചിട്ടു പോലുമില്ല. എന്നാല്‍, ഇനി ഇതൊട്ട് ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാനും വയ്യെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
പരസ്പരം എന്ന സീരിയല്‍ ആയിരുന്നു രേഖയുടെ അഭിനയ ജീവിതത്തിന്റെ ടേണിങ് പോയിന്റ്. അതിലൂടെ പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. തിരക്കേറി. കലാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന താരം പതുക്കെ പതുക്കെ ഈ തിരക്കുകളൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. മലയാളം ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ.
മാമ്പഴക്കാലം, പല്ലാവൂര്‍ ദേവനാരായണന്‍ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലാം വയസ്സില്‍ ഉന്നൈ നാന്‍ സന്തിത്തെന്‍ എന്ന തമിഴ് ടി.വി. പരമ്പരയില്‍ രേവതിയുടെ ബാല്യ കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള വരവ്.
പിന്നീട് ക്യാപ്റ്റന്‍ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. 40 വയസ്സു പോലും ഇല്ലാതിരുന്ന സമയത്താണ് പരസ്പരത്തിലെ അമ്മായിയമ്മയായ പത്മാവതിയ്ക്ക് രേഖ ജീവന്‍ നല്‍കിയത്.
എന്നാല്‍, താരത്തിന്റെ യഥാര്‍ത്ഥ പ്രായം എന്തെന്നു പോലും പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത മേക്കോവര്‍ ആയിരുന്നു പിന്നീട് കണ്ടത്. തടിച്ച് ഉരുണ്ട ശരീരത്തോട് വര്‍ക്കൗട്ടിലൂടെ പതുക്കെ പതുക്കെ വിട പറഞ്ഞ താരം മറ്റുള്ളവര്‍ അസൂയയോടെ നോക്കുന്ന മറ്റൊരു സൗന്ദര്യത്തിലേയ്ക്ക് എത്തപ്പെട്ടു.
താരത്തിന്റെ ദാമ്പത്യ ജീവിതം അല്‍പ്പം സിനിമാ കഥപോലെ തന്നെ ആയിരുന്നു എന്ന് പറയാം. രേഖയുടെ അച്ഛന്‍ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരനായിരുന്നു. അമ്മ രാധാമണി നാടക-സിനിമാ നടിയും ഡബ്ബിങ്ങ് കലാകാരിയുമായിരുന്നു. ശാരിക സന്തോഷ്, ശശികല എന്നിവരാണ് സഹോദരങ്ങള്‍.
18 വയസ്സുള്ളപ്പോള്‍ യൂസഫിനെ വിവാഹം ചെയ്‌തെങ്കിലും ദാമ്പത്യം അധിക നാള്‍ നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടന്‍ നിര്‍മല്‍ പ്രകാശിനെ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം മൂന്നാമത്, കമല്‍ റോയിയെ വിവാഹം ചെയ്തു എങ്കിലും ആ ദാമ്പത്യവും അധിക കാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകും ആയിട്ടായിരുന്നു. ഈ ബന്ധത്തില്‍ താരത്തിന് അയന്‍ എന്ന ആണ്‍ കുഞ്ഞുണ്ട്.