മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികള്‍ അടുത്തറിയുന്നത്. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോള്‍ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി.
അജയ് ദേവ്ഗണിനൊപ്പം മൈതാന്‍, ഷാരുഖ് ഖാന്‍ ആറ്റ്ലി ചിത്രം വീരാട പര്‍വ്വം തുടങ്ങി വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാണ് പ്രിയാമണി. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ്‌സീരീസുകളായ ഫാമിലി മാന്‍1, 2 സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ തിളങ്ങി. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാന്‍ വന്‍ ഹിറ്റായി മാറിയതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തി. ഒരു അഭിമുഖത്തില്‍ ഇക്കാര്യം താരം തുറന്ന് പറയുകയും ചെയ്തു.
ഒരു ദിവസം ഒന്നര ലക്ഷം രൂപയായിരുന്നു നേരത്തെ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ തന്റെ പുതിയ സിനിമകളില്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. പ്രിയാമണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ് ഭാമകലാപം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു. ആഹായിലൂടെയാണ് ഈ സിനിമ പുറത്തെത്തിയത്.
കരീന കപൂര്‍ പ്രതിഫലം ഉയര്‍ത്തിയതിനെ പിന്തുണച്ച് പ്രിയാമണി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയ കാലമാണ് ഇതെന്നും. അര്‍ഹമായത് ചോദിച്ച് വാങ്ങിക്കണമെന്നും നടി പറഞ്ഞിരുന്നു. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് മാത്രം ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല. ഈ നടിമാര്‍ ഈ നിലയിലെത്താന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ആവശ്യപ്പെട്ട് പ്രതിഫലം വാങ്ങുന്നതില്‍ തെറ്റെന്താണെന്നും പ്രിയാമണി ചോദിച്ചിരുന്നു.