തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളിൽ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളാണ് പ്രിയാമണി വാസുദേവ് മണി അയ്യർ എന്ന പ്രിയ മണി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച താരം 2007 ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കുകയുണ്ടായി.
2008 ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. രാം, കോക്കോ, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങി കന്നട ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി.
അഭിനയരംഗത്തേക്ക് കടന്നു വരുന്നതിനു മുൻപ് മോഡലിംഗ് രംഗത്ത് തിളങ്ങിനിന്നിരുന്ന താരം 2002ൽ തെലുങ്കു ചിത്രമായ എവരെ അട്ടഗഡു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം നടത്തിയത്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതോടെ 2007ൽ തമിഴ് റൊമാൻറിക് നാടകീയ ചിത്രമായ പരുത്തിവീരനിലെ ഗ്രാമീണ പെൺകുട്ടിയായ മുത്ത് അഴകി എന്ന കഥാപാത്രത്തിന് ജീവൻ നൽകുകയുണ്ടായി.
ഈ കഥാപാത്രം വ്യാപകമായ അംഗീകാരം നേടിയെടുക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനൊപ്പം തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് നേടി കൊടുക്കുകയും ചെയ്തു.
അതേ വർഷം തന്നെ എസ് രാജമൗലി സംവിധാനം ചെയ്ത സോഷ്യൽ ഫാൻറസി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഈ ചിത്രം വാണിജ്യവിജയം നേടിയതോടൊപ്പം താരത്തിന് തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കാൻ സാധിച്ചു.
2009 റാം എന്ന റൊമാൻറിക് കോമഡി ചിത്രത്തിലൂടെ കന്നടയിലെ ആദ്യവേഷം അവതരിപ്പിക്കുകയും ചിത്രം വലിയ വിജയമായി തീർന്നതോടെ മണിരത്നത്തിന്റെ തമിഴ്, ഹിന്ദി ചിത്രങ്ങളായ രാവൺ, രാവണൻ എന്നീ ചിത്രങ്ങളിലൂടെ ഹിന്ദിയിലേക്ക് കടക്കുവാൻ താരത്തിന് സാധിച്ചു.
2012 ൽ നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമീസ് ഇരട്ടകളെ അവതരിപ്പിച്ച് നിരൂപകപ്രശംസ നേടിയതോടൊപ്പം ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡ് നേടിയിരുന്നു.
ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധി കർത്താവാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നിറത്തിന്റെ പേരിൽ ബോഡി ശൈമിങ് നേരിടേണ്ടിവന്നതിനെപ്പറ്റി വ്യക്തമാക്കുകയാണ് താരം.
തന്റെ നിറത്തിന് എന്താണ് കുഴപ്പം എന്നും ഭഗവാൻ ശ്രീകൃഷ്ണൻ കറുത്തിട്ട് അല്ലേ എന്നും താരം ചോദിക്കുന്നു.ഒരാൾ തടിച്ചു,കറുത്തത് ആണ് എന്നിവയുടെ പേരിൽ അയാളെ കളിയാക്കുന്നതും വിലയിരുത്തുന്നതും മോശമായ കാര്യം ആണെന്നും താരം അഭിപ്രായപ്പെടുന്നു.നിറവും തൂക്കവും ഒന്നും അല്ല ഒരാളെ അളക്കുന്നതിനുള്ള അളവ് കോൽ എന്നാണ് താരം പറയുന്നത്.തനിക്ക് നേരിടേണ്ടിവന്ന കളിയാക്കലുകൾ ഒറ്റപ്പെട്ട ഒരു സംഭവം അല്ലെന്നും താരം പറയുന്നു.