പൊക്കമില്ലായ്മ ഒരു കുറവല്ലെന്ന് തെളിയിച്ച് ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തിയ വ്യക്തിയാണ് ഗിന്നസ് പക്രു. അജയന്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്. ചിത്രത്തില്‍ പക്രു എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ആ പേര് പിന്നീട് അങ്ങേട്ട് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം വിശേഷങ്ങള്‍ പങ്കു വെയ്ക്കാറുണ്ട്. ഇപ്പോള്‍ വൈറല്‍ ആകുന്നത് ഭാര്യ ഗായത്രിയും മകള്‍ ദീപ്ത കീര്‍ത്തിക്കുമൊപ്പമായുള്ള പുതിയ ക്യു ആന്‍ഡ് എ വീഡിയോയാണ്.
യൂട്യൂബ് ചാനല്‍ ആരംഭിച്ചതിന് ശേഷം പലരും ചോദിച്ചിരുന്നു ക്യു ആന്‍ഡ് എ വീഡിയോ ചെയ്തൂടേയെന്ന്. അങ്ങനെ തിരഞ്ഞെടുത്ത ചോദ്യങ്ങളുമായാണ് ഞങ്ങള്‍ എത്തിയിട്ടുള്ളത്. അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും മോളെക്കുറിച്ചുമെല്ലാം പറഞ്ഞിരുന്നു. നല്ലൊരു ക്വാളിറ്റിയുള്ള സ്ത്രീ, ഏത് മേഖലയായാലും അവിടെ സിഗ്‌നേച്ചറുള്ളൊരു സ്ത്രീയായി മകള്‍ വളര്‍ന്നുവരണമെന്നാണ് ആഗ്രഹിക്കുന്നത്.- പക്രുവും കുടുംബവും പറഞ്ഞു.
ജീവിതത്തില്‍ ഒരെത്തും പിടികിട്ടാതെ നില്‍ക്കുന്നവര്‍ക്ക് എന്ത് വിജയമന്ത്രമാണ് കൊടുക്കാനുള്ളതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. പലപ്പോഴും അത്തരത്തിലുള്ള അവസ്ഥയുണ്ടാവാറുണ്ട്. നമുക്ക് വിശ്വാസമുള്ളവരോട് നമുക്ക് ഉപദേശം ചോദിക്കാം, അതേ പോലെ നമുക്ക് തന്നെ സ്വന്തമായി തീരുമാനമെടുക്കാം. അത് നമ്മളുടെ വ്യക്തിത്വം അനുസരിച്ചിരിക്കുമെന്നായിരുന്നു പക്രുവിന്റെ മറുപടി.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന അവസ്ഥയുണ്ടായിട്ടില്ല. കൂടുതലും ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍. സ്‌കൂളിലും വീട്ടിലുമായാല്‍ കൂട്ടുകാരുണ്ടാവും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് പല കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തും നമ്മള്‍ കാടുകയറുന്നത്. കൂട്ടായിട്ട് നിന്നിട്ട് അവരിലൊരാളായി മുന്നോട്ട് പോവുകയെന്നതാണ് എന്റെ പോളിസിയെന്നും പക്രു പറഞ്ഞു.
മകളുടെ കാര്യമായാലും വീട്ടിലെ കാര്യമായാലും എല്ലാം മാനേജ് ചെയ്യാറുണ്ട് ഗായത്രി. ഞാന്‍ വീട്ടില്‍ ഇല്ലെങ്കിലും എല്ലാവിഷയങ്ങളും കൃത്യമായി ചെയ്യുന്നുണ്ട്. മോളുടെ സ്‌കൂളിലെ പരിപാടിയുടെ സമയത്ത് ഞാനില്ലെങ്കില്‍ ഗായത്രിയാണ് പോവുന്നത്. എന്നെ ഇവര്‍ രണ്ടാളും നന്നായി മനസിലാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഇവരുടെ ബെസ്റ്റ് ക്വാളിറ്റി. അച്ഛന്‍ ഇങ്ങനെയാണ്, അച്ഛന്‍രെ ജോലി ഇതാണെന്ന് മോള്‍ക്കും അറിയാം. കുറേക്കാലും കൂട്ടുകാരനായാണ് മോള്‍ എന്നെ കണ്ടത്. ഇപ്പോഴാണ് കുറച്ച് പക്വതയൊക്കെ വന്നത്. എന്ത് കൊടുത്താലും പെട്ടെന്ന് ഗ്രാസ്പ് ചെയ്യുന്നയാളാണ് മോള്‍.
അജയകുമാറിനൊപ്പമായി പക്രുവെന്ന പേര് ജീവിതത്തിലേക്ക് വന്നു. അതാണ് സിനിമയിലെത്തിയപ്പോഴുള്ള പ്രധാന മാറ്റം. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ വലിയൊരു സന്തോഷമുണ്ടായി, ഞങ്ങള്‍ക്കൊരു മകളുണ്ടായി. ഞങ്ങള്‍ രണ്ടാള്‍ക്കും വല്യ സന്തോഷം കൂടിയായിരുന്നു. ജനിച്ച് 15 ദിവസം കഴിഞ്ഞ് അവള്‍ പോയി, അതെങ്ങനെ തരണം ചെയ്തുവെന്ന് ഇപ്പോഴും അറിയില്ലെന്നുമായിരുന്നു പക്രു പറഞ്ഞത്.