കൊച്ചി: ദിലീപിനെതിരെ വീണ്ടും ബാലചന്ദ്ര കുമാര്‍. ദിലീപിനെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതിനകം കിട്ടിക്കഴിഞ്ഞു, ദിലീപ് കൂടുതല്‍ കുരുങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ബാചന്ദ്രകുമാറിനെ എതിര്‍ത്ത് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രംഗത്തെത്തി. ദിലീപ് മുംബൈയില്‍ നിന്ന് ഫോണ്‍ പരിശോധന നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നാല്‍ ബാലചന്ദ്ര കുമാര്‍ അടിമുടി പൊളിയുമെന്ന് സജി നന്ത്യാട്ട് പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍: ” ദിലീപിന്റെയോ അനൂപിന്റെയോ ഫോണ്‍ ഏതെങ്കിലും ഒരു ഫോറന്‍സിക് വിദഗ്ധര്‍ റിട്രീവ് ചെയ്ത് കൊണ്ടുവരികയാണെങ്കില്‍ ദിലീപ് കൂടുതല്‍ കുടുങ്ങും. അല്ലെങ്കില്‍ അതിന്റെ തെളിവുകള്‍ എന്റെ ഫോണില്‍ നിന്ന് പോലീസുകാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരൊന്നും അറിയാത്ത ഒരുപാട് തെളിവുകള്‍ നിലവില്‍ പോലീസിന്റെ കയ്യില്‍ കിട്ടിക്കഴിഞ്ഞു. ദിലീപും അനൂപും സുരാജും എനിക്ക് അയച്ച മെസ്സേജുകള്‍ ഒക്കെയുണ്ട്.
ഒരുപാട് വഴിത്തിരിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഞാനൊരു വേങ്ങര പറഞ്ഞു, നെയ്യാറ്റിന്‍കര ബിഷപ്പിനെ പറഞ്ഞു, ഒരിക്കല്‍ പറഞ്ഞു 2018 ഓഗസ്റ്റ് 2ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ഒരാളിനെ അവിടെ കണ്ടു എന്നൊക്കെ പറഞ്ഞു. അക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് എന്നൊക്കെ പോലീസിന് കിട്ടിക്കഴിഞ്ഞു. നിങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ. വിചാരണയ്ക്ക് മുന്‍പ് തന്നെ നിങ്ങള്‍ അറിയും.
ഞാന്‍ വെല്ലുവിളിക്കുകയാണ്. താന്‍ നല്‍കിയ ശബ്ദ ശകലങ്ങളുടെ പൂര്‍ണരൂപമുണ്ടെങ്കില്‍ കൊണ്ടുവരൂ. രാമന്‍പിളള വക്കീല്‍ താന്‍ ദിലീപിന് അയച്ച ഒരു ഓഡിയോ ക്ലിപ്പെടുത്ത് കാണിച്ചു. അതില്‍ താന്‍ എവിടെയാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയത്. തന്റെ വിഷമങ്ങള്‍ താന്‍ ദിലീപിനോട് പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമങ്ങള്‍ പറഞ്ഞ ഓഡിയോ ക്ലിപ്പ് ഫോണില്‍ കിടക്കുന്നുണ്ട്. അതൊന്നും താന്‍ പുറത്തെടുക്കുന്നില്ല. എങ്കില്‍ ദിലീപും താനും തമ്മില്‍ എന്താണ് വ്യത്യാസം. ദിലീപിന്റെ അളിയനും അനുജനും തന്നോട് പറഞ്ഞ കാര്യങ്ങള്‍ താന്‍ ദിലീപിന് കാണിച്ച് കൊടുത്തിട്ടുണ്ട്. ദിലീപിന് അറിയാം എന്താണെന്ന്. ആ ചാറ്റൊക്കെ കൊണ്ട് വരാന്‍ പറയണം ദിലീപിനോട്. താന്‍ വെല്ലുവിളിക്കുകയാണ്.
അതേസമയം ഓഡിയോ റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ ടാബ് ഹാജരാക്കാന്‍ ബാലചന്ദ്ര കുമാറിന് സാധിക്കില്ലെന്ന് സജി നന്ത്യാട്ട് പറഞ്ഞു. വക്കീലുമായി സംസാരിച്ച ശബ്ദം മാത്രമാണ് തന്റെത് എന്ന് ദിലീപ് കോടതിയില്‍ സമ്മതിച്ചിട്ടുളളത്. മറ്റ് ശബ്ദങ്ങള്‍ തന്റേതാണെന്ന് ദിലീപ് പറഞ്ഞിട്ടില്ല. ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം വിശ്വാസത്തിലെടുക്കുന്നത് പോലും ഇല്ല. മുംബൈയിലെ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തേക്ക് വന്നാല്‍ ബാലചന്ദ്ര കുമാര്‍ അടിമുടി പൊളിയും.- സജി നന്ത്യാട്ട് പറഞ്ഞു.