ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട് പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന് ആഗതൻ,കൻമഴ പെയ്യും മുമ്പ്,പ്ലസ് ടു,ആത്മകഥ,നവാഗതർക്ക് സ്വാഗതം, ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.അമലപോളും ഫഹദ് ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ് ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്.
പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ് സജിൻ എത്തിയത്. ഇപ്പോൾ സാന്ത്വനം സീരിയലിൽ ശിവനായാണ് സജീൻ പ്രത്യക്ഷപ്പെടുന്നത്. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ് ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു, സജിനിപ്പോളിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറയുകയാണ് വാക്കുകൾ,
ഭഗവാൻ സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയപ്പോഴാണ് ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീട് കാണുന്നത് പ്ലസ്ടു സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. ആ സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എനിക്ക് ഷഫ്‌നയോട് ഇഷ്ടം തോന്നി. സിനിമയുടെ ഷൂട്ടിങ് അവസാനിക്കുമ്പോഴേക്കും എനിക്ക് അവളോടുള്ള പ്രണയം സീരിയസ് ആയിത്തുടങ്ങിയിരുന്നു. ഞാൻ അത് തുറന്നു പറഞ്ഞു. കേട്ടപ്പോൾ ഇതൊക്കെ വേണോ എന്ന ഭാവമായിരുന്നു അവൾക്ക്. എന്നാൽ ഒടുവിൽ അവൾക്കും എന്നോട് ഇഷ്ടം തോന്നി.
അന്ന് എനിക്ക് കാര്യമായ ജോലിയൊന്നുമില്ല. കിട്ടുന്ന പണം തിരുവനന്തപുരം വരെ പോയി വരാൻ സൂക്ഷിച്ചു വയ്ക്കും. കാറിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവളുടെ വീട്ടിൽ അറിയാതെ നോക്കുകയും വേണമല്ലോ. അവളെ കണ്ടു മടങ്ങും. പിന്നെ അടുത്ത തവണ കാണാൻ വേണ്ടിയുള്ള കാത്തിരിപ്പാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ രസമായി തോന്നുമെങ്കിലും അന്ന് അതൊന്നും അത്ര എളുപ്പമായിരുന്നില്ല. ഷഫ്‌നയുടെ വീട്ടിൽ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ ഇനി കാത്തിരുന്നാൽ ശരിയാകില്ല എന്നു തോന്നി. അങ്ങനെയാണ് വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുന്നത്.
തങ്ങൾ ഒന്നിക്കുമോ എന്നുളള കാര്യത്തിൽ ആശങ്കയും ഉണ്ടായിരുന്നില്ല. കാരണം ഞങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നു. പക്ഷേ എങ്ങനെ എന്നുള്ളതായിരുന്നു ഭയപ്പെടുത്തിയത്. വീട്ടുകാർ അറിയുമ്പോൾ പ്രശനം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും പ്രണയത്തിൽ പെൺകുട്ടി ശക്തമായ തീരുമാനം എടുത്താൽ ഒന്നിക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. അത് പെൺകുട്ടിയുടെ ധൈര്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്തുവന്നാലും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഷഫ്‌ന ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പിലായിരുന്നു പിന്നീടുള്ള ജീവിതം. വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഷഫ്‌ന കാണിച്ച ധൈര്യമാണ് ഞങ്ങളുടെ ജീവിതം ഇവിടെവരെ എത്താൻ കാരണം.
വിവാഹം റജിസ്റ്റർ ചെയ്യുന്നതു വരെ തങ്ങൾ പ്രണയം രഹസ്യമായി സൂക്ഷിച്ചു. വിവാഹത്തിന് തന്റെ വീട്ടിൽ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഷഫ്‌നയുടെ വീട്ടിൽ സമ്മതിക്കില്ലെന്ന് തനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് വിവാഹം റജിസ്റ്റർ ചെയ്തതിനുശേഷം വീട്ടിൽ പറഞ്ഞാൽ മതി എന്ന് തീരുമാനിച്ചത്. രജിസ്റ്റർ കഴിഞ്ഞു ഷഫ്‌ന അവളുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും പോയി. പതിയെ വീട്ടിൽ വിവരം അറിയിക്കാം എന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്നാൽ ഷഫ്‌ന അന്നേ അറിയപ്പെട്ടിരുന്ന താരമായിരുന്നു. അതുകൊണ്ട് വിവാഹം റജിസ്റ്റർ ചെയ്തപ്പോൾതന്നെ ആരൊക്കെയോ അവളുടെ വീട്ടിൽ വിളിച്ച് വിവരം അറിയിച്ചു. അവളുടെ വീട്ടിൽ പ്രശ്‌നമുണ്ടായി.
പിന്നീട് ഞാൻ അവളുടെ വാപ്പയെ വിളിച്ചു സംസാരിച്ചു. അവർ എന്നോടോ ഷഫ്‌നയോടോ മോശമായൊന്നും പെരുമാറിയില്ല. എന്നാൽ ഷഫ്‌നയെ പറഞ്ഞു മനസ്സ് മാറ്റാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ആ 12 ദിവസങ്ങൾ ഞങ്ങൾ അനുഭവിച്ച മാനസിക പ്രയാസം ചെറുതല്ല. അവർ അവളുടെ മൊബൈൽ പിടിച്ചു വാങ്ങിവച്ചിരുന്നില്ല. അതുകൊണ്ടു ആ ദിവസങ്ങളിലും ഫോണിലൂടെ സംസാരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ആ പന്ത്രണ്ടു ദിവസങ്ങളെക്കുറിച്ച് ഇപ്പോൾ വളരെ ലാഘവത്തോടെ പറയുന്നുണ്ടെങ്കിലും അന്ന് അനുഭവിച്ച വിഷമങ്ങളൊന്നും ഇപ്പോഴും മറന്നിട്ടില്ല. മിക്ക ദിവസവും ഞാൻ തിരുവനന്തപുരത്തേക്ക് വരും. അവളെ കാണാൻ ശ്രമിക്കും. ഒടുവിൽ എന്റെ വീട്ടുകാരോടൊപ്പം വന്ന് അവളെ കൂട്ടികൊണ്ടുപോവുകയായിരുന്നു.