ആദ്യ ചിത്രമായ അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടിയാണ് രജിഷ വിജയന്. ഈ ചിത്രത്തിന് ശേഷം രജിഷയും ആസിഫ് അലിയും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിലെ ചില രംഗങ്ങളെ കുറിച്ച് രജിഷയും ആസിഫും പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അനുരാഗ കരിക്കിന് വെള്ളത്തില്‍ ആസിഫിന്റെ മുഖത്ത് അടിച്ച സീനിനെ കുറിച്ചും പുതിയ ചിത്രത്തില്‍ ആസിഫിനെ ചവിട്ടുന്ന സീനിനെ കുറിച്ചുമൊക്കെ ഇരുവരും മനസ് തുറന്നു.
ക്യാമറ റോള്‍ ചെയ്ത് കഴിഞ്ഞിട്ട് അഞ്ച് സെക്കന്റ് കഴിഞ്ഞിട്ടാണ് ചവിട്ടേണ്ടത്. ഞങ്ങള്‍ ഉറങ്ങി കിടക്കുന്നത് എസ്റ്റാബ്ലിഷ് ചെയ്യാനാണ് ആ അഞ്ച് സെക്കന്റ്. പക്ഷെ ഈ അഞ്ച് സെക്കന്റില്‍ അവളുടെ മനസില്‍ ഓടുന്നത് എനിക്ക് കേള്‍ക്കാം. എന്നെ ചവിട്ടാനൊരു തയ്യാറെടുപ്പുണ്ട്. ഇപ്പോ തരാടാ ഇപ്പോ തരാടാ എന്ന് പറയുന്നത്. അങ്ങനെ ചവിട്ടി, ഞാന്‍ വീണു. എഴുന്നേറ്റ് വന്ന് ഡയലോഗും പറഞ്ഞു. ഫസ്റ്റ് ടേക്കില്‍ തന്നെ ഓക്കെയായി. പക്ഷെ ഇവള്‍ക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ശരിയായില്ല ഒന്നുകൂടെ പോകാം എന്നാണ് പറയുന്നത്. അങ്ങനെ ഒന്നൂകൂടെ ഷൂട്ട് ചെയ്യിപ്പിച്ചു. ഇവള് എന്നെ ഒന്നുകൂടെ ചവിട്ടി. എന്നായിരുന്നു ആസിഫ് അലി എല്ലാം ശരിയാകും സിനിമയെ രംഗത്തെക്കുറിച്ച് പറഞ്ഞത്.
തിരിച്ച് ചവിട്ടാടോ അടിക്കാനോ അവസരം കിട്ടിയിരുന്നോ? എന്ന അവതാരകയുടെ ചോദ്യത്തിന് അതേ ഒള്ളൂവെന്നായിരുന്നു രജിഷയുടെ മറുപടി. എപ്പോഴും അതാണെന്നും താരം പറയുന്നു. അതിന് എനിക്കൊരു സീനിന്റെ ആവശ്യമില്ലെന്നായിരുന്നു ആസിഫ് പ്രതികരിച്ചത്. ദൂരത്തൂടെ പോയാല്‍ ഇവിടെയിരുന്ന് എന്നെ ആക്കുന്നത് എനിക്ക് അറിയാം. ഞാനാ തൊഴിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നുവെന്നും രജിഷ പറഞ്ഞു ഇതുപോലെ തന്നെയായിരുന്നു കരിക്കിന് വെള്ളത്തിലെ അടിയ്ക്കും ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് രജിഷ പറഞ്ഞു. കരിക്കിന് വെള്ളത്തില്‍ നല്ല കലക്കന്‍ അടി ആയിരുന്നുവെന്ന് ആസിഫും സമ്മതിക്കുന്നുണ്ട്.
അതെന്താണെന്ന് വച്ചാല്‍, ആദ്യം നമ്മള് റിഹേഴ്സല്‍ പോയിരുന്നു. അടിക്കാനായി കൈ പൊങ്ങിയതും റഹ്മാന് കട്ട് പറഞ്ഞു. പക്ഷെ ഞാന്‍ കേട്ടുവെങ്കിലും കൈ പൊങ്ങി പോയി, ഇനി നിര്‍ത്താന്‍ പറ്റില്ല. ആസി കേള്‍ക്കുകയും തിരിയുകയും ചെയ്തു. നേരെ ചെവിക്കുറ്റിയ്ക്ക് തന്നെ കിട്ടി. ചെവി ചുവന്നു പോയി. ആസി ഒരൊറ്റ പോക്കാണ്. ഞാന്‍ കരുതി തീര്‍ന്നെന്ന്. പക്ഷെ ആസി തിരിച്ചുവന്ന് സംസാരിച്ചത് വളരെ സ്പോര്‍ട്ടീവായിട്ടാണ്. ഇനിയെങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ നീ അടിച്ചോ കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ രണ്ട് അടി അടിച്ചിട്ടുണ്ട്. എന്നായിരുന്നു രജിഷയുടെ വാക്കുകള്‍. അതേസമയം ഇത്തരം രംഗങ്ങള്‍ എങ്ങനെ കൂള്‍ ആയി ചെയ്യാന്‍ സാധിക്കുന്നുവെന്ന ചോദ്യത്തിനും ആസിഫ് മറുപടി നല്‍കുന്നുണ്ട്.
എപ്പോള്‍ സിനിമ ചെയ്യുമ്പോഴും എന്റെ സുഹൃത്തുക്കളുടെ കൂടെ സിനിമ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മളുടെ കൂടെ ആദ്യമായിട്ട് സിനിമ ചെയ്യുന്നവരാണെങ്കിലും ഞാനവരെ ആ കംഫര്‍ട്ട് സോണിലേക്ക് കൊണ്ടു വരും. അത് സിനിമയ്ക്കും നല്ലതാണ് എന്റെ പെര്‍ഫോമന്‍സിനും നല്ലതാണ്. എല്ലാം ശരിയാകും എന്ന സിനിമ ചെയ്യുമ്പോഴും ആന്‍സിയുമായി വഴക്കുണ്ടാക്കുന്നതും സെപ്പറേഷന്‍ വരുന്നതൊക്കെ ഭയങ്കരമായി ഫീല്‍ ചെയ്യുന്നത് ഇങ്ങനെ യഥാര്‍ത്ഥമായി എടുക്കുന്നത് കൊണ്ടാണ്. -ആസിഫ് പറഞ്ഞു.