മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബീന ആന്റണി. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയതാരം. നിലവില്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ അഭിനയം തുടങ്ങിയ കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന അമ്മയെ കുറിച്ച് ഓര്‍ക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് നടി തന്റെ അമ്മച്ചിയെ കുറിച്ച് തുറന്ന് പറഞ്ഞത്.
മൂന്ന് വര്‍ഷം മുമ്പാണ് എന്റെ അമ്മച്ചി മരിക്കുന്നത്. ഞാന്‍ അഭിനയം തുടങ്ങിയ കാലം മുതല്‍ എപ്പോഴും അമ്മച്ചി കൂടെ ഉണ്ടായിരുന്നു. എനിക്ക് മകനുണ്ടായ ശേഷം കൂടെ വരാന്‍ ഒരു അസിസ്റ്റിന്റെ നിയമിച്ച് മകന്റെ എല്ലാ കാര്യങ്ങളും അമ്മച്ചി നോക്കി. അവന്റെ വളര്‍ച്ച ഞാനറിഞ്ഞിരുന്നില്ല. ലില്ലി എന്നായിരുന്നു അമ്മച്ചിയുടെ പേര്. ശരിക്കും അമ്മച്ചിയുടെ മരണം ഒരു ഞെട്ടലായി പോയി. അതുവരെ എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നത്. അമ്മച്ചിയില്ലാതെ ഇനി എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചു. മെല്ലെ മെല്ലെയാണ് അതില്‍ നിന്ന് പുറത്ത് വന്നത്. ഇപ്പോള്‍ മകന്‍ വളര്‍ന്ന് പത്താം ക്ലാസ് എത്തിയതിനാല്‍ വലിയ പേടി ഇല്ല.
‘കല്യാണം കഴിക്കുന്നത് വരെ ഓണവും ക്രിസ്തുമസും ഈസ്റ്ററുമൊക്കെ ഷൂട്ടിങ്ങ് സെറ്റുകളില്‍ ആയിരുന്നു. എപ്പോഴും അമ്മച്ചി എന്റെ കൂടെ ഉണ്ടാകും. വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ് എല്ലാ ഉത്സവങ്ങളും ഒരുമിച്ച് വീട്ടില്‍ തന്നെ ആഘോഷിക്കുമെന്ന്. ഓണം മനുവിന്റെ വീട്ടിലും ക്രിസ്തുമസ് എന്റെ വീട്ടിലും. വിവാഹ ശേഷമാണ് ഓണത്തിന്റെ ചടങ്ങുകളെ കുറിച്ച് കൂടുതല്‍ അറിയുന്നത്. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബ പശ്ചാതലത്തില്‍ ആയിരുന്നതിനാല്‍ അത്തരം ചടങ്ങുകള്‍ വീട്ടിലുണ്ടാകാറില്ല. രണ്ടാം പിറവിയിലെ ആദ്യ ഓണമാണിത്. പതിവ് പോലെ പറവൂരിലെ മനുവിന്റെ വീട്ടിലായിരിക്കും ആഘോഷമെന്നും ബീന പറയുന്നു.2003 ലായിരുന്നു ബീന ആന്റണിയും മനോജ് കുമാറും വിവാഹിതരാവുന്നത്. ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്.