മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ശ്രദ്ധേയമായി. ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തുകയാണ് നടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ വേഷത്തിലാണ് ജാസ്മിന്‍ എത്തുന്നത്. ഇപ്പോള് സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തെ കുറിച്ചും ഇപ്പോഴത്തെ തിരിച്ചുവരവിനെ കുറിച്ചും മനസുതുറക്കുകയാണ് മീര.
‘വളരെ നേരത്തെ കരിയര്‍ തുടങ്ങിയ ആളാണ് ഞാന്‍. ഒരു വലിയ യാത്രയായിരുന്നു അത്. പല അനുഭവങ്ങളും ഉണ്ടായി. ഓരോ ഫേസ് വരുമ്പോഴേക്കും നമുക്ക് ചില റിയലൈസേഷനൊക്കെ വരും. ലൈഫില്‍ എനിക്ക് മനസിലാക്കാന് പറ്റിയത് പീസ് ഓഫ് മൈന്റും സന്തോഷവുമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നതാണ്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സമയത്ത് എനിക്ക് വേണ്ടിയൊരു സമയം മാറ്റിവെക്കാന്‍ ഇല്ലായിരുന്നു. നമ്മളെ റിഫ്ളക്ട് ചെയ്യാനോ ഒന്നും സാധിച്ചിരുന്നില്ല. അത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പിന്നെ വീണ്ടും അടുത്ത സിനിമ. കുറച്ചുകഴിയുമ്പോഴേക്ക് നമുക്ക് ശരിക്കും വട്ടായിപ്പോകും.
പേഴ്സണലി അത് എനിക്ക് നല്ലതല്ലായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞ് സിനിമയില്‍ നിന്നും പോയപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇതിനെ നല്ല രീതിയില്‍ ഉപയോഗിക്കണമമെന്ന്. അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. ലൈഫിനെ വേറൊരു രീതിയിലാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്. വളരെ നല്ല രീതിയിലാണ് അത്. കുക്കിങ് പഠിച്ചു. ബിസിനസ് ചെയ്യാന്‍ തുടങ്ങി. അതൊന്നും എനിക്ക് അറിയില്ലായിരുന്നു.
പണ്ടെനിക്ക് ആളുകളുടെ സപ്പോര്‍ട്ടില്ലാതെ വീടിന് പുറത്ത് പോലും പോകാന്‍ പറ്റില്ലായിരുന്നു. നാലഞ്ച് പേര്‍ എനിക്ക് ചുറ്റും ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഞാന്‍ ഭയങ്കരമായി പാനിക്കാവുമായിരുന്നു. ആ ഒരു കംഫര്‍ട്ട് സോണില്‍ നിന്ന് വിട്ട് വന്നപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. അത് ചലഞ്ചിങ്ങായിരുന്നു. അതിന് ശേഷം തന്നെത്താന്നെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ബേസിക്കായുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. അതായത് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കുക, തുണി വാങ്ങിക്കുക. ഇതൊന്നും ഞാന്‍ മുന്‍പ് ചെയ്തിട്ടില്ല. ഇങ്ങനെയാണ് ലൈഫ് നമ്മള്‍ പഠിക്കുന്നത്. ഇതൊന്നും അറിയാതെ നമ്മള്‍ ഒരു കൊക്കൂണില്‍ വേറൊരു ലോകത്ത് ഇരിക്കുകയാണ് ഒരു ബബിളില്‍ ഇരിക്കുന്ന പോലെയായിരുന്നു ശരിക്കും.