അച്ചുവിന്റെ അമ്മ, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച മീര ജാസ്മിൻ ഇപ്പോൾ ഒരു രണ്ടാം വരവിന്റെ ഒരുക്കത്തിലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നത്. ഒപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് താരം. ജനുവരി പകുതിയോടെയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങി സജീവമായതെങ്കിലും ഇതിനകം ലക്ഷക്കണക്കിന് പേരാണ് താരത്തിന് ഫോളോവേഴ്സ് ആയി എത്തിയിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതീവസുന്ദരിയായിട്ടുണ്ട് താരം. കറുത്ത ജാക്കറ്റും പാന്റുമാണ് മീരയുടെ വേഷം. രാഹുൽ ജങ്കിയാനി ആണ് ഫോട്ടോഗ്രാഫർ. അഭിനവ് ആണ് സ്റ്റൈലിങ്ങ്. മേക്കപ്പ് അനിഘ ജയിനും ഹെയർ സ്റ്റൈൽ ചെയ്തത് അരവിന്ദ് കുമാറുമാണ്. ഏതായാലും ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മീര നായികയായി എത്തുന്ന ഒരു ചിത്രം മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ്. കഴിഞ്ഞ വിജയദശമി ദിനത്തിൽ ആയിരുന്നു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇക്കാര്യം വ്യക്തമാക്കി സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.