സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ പ്രേക്ഷകരുടെ പ്രീതിപിടിച്ചുപറ്റിയ താരമാണ് ഇന്ദ്രൻസ്. . വസ്ത്രാലങ്കാര രംഗത്തുനിന്ന് അഭിനരംഗത്ത് എത്തിയ നടൻ കൂടിയാണ് ഇദ്ദേഹം. സിപി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. ചൂതാട്ടം, സമ്മേളനം, പ്രിൻസിപ്പാൾ ഒളിവിൽ, നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ, തൂവാനതുമ്പികൾ, മൂന്നാം പക്കം, സീസൺ, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാൻ ഗന്ധർവൻ, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാൻ, കല്യാണഉണ്ണികൾ എന്നിവയാണ് വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങൾ. 2018ൽ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഹോം എന്ന സിനിമക്കും ഗംഭീര അഭിപ്രയമാണ് ലഭിച്ചത്.
ഇപ്പോഴിതാ കാരവാനെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുകയാണ്. റിപ്പോർ്ട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസ് മനസ് തുറന്നത്.
എനിക്ക് ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാൻ മിനിമം ഇത്തിരി ശരീരാമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ ഞാൻ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല. കാരവനിൽ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളിൽ ഇരിക്കാൻ പേടിയാണ്. ആശുപത്രി ഐസിയുവിൽ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളിൽ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്
സിനിമ കാണാൻ വരുന്ന ഫാൻസുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാർക്ക് ഉപദ്രവമില്ലാതെ ഇരുന്നാൽ മതി. സിനിമ കാണാൻ വരുമ്പോൾ ഇവർ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നുകരുതി വരുന്ന മറ്റു ചിലർക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതിൽ മാത്രമേ വിഷമമുള്ളൂ