ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. സമീപകാലത്ത് ഉണ്ടായതിൽ വെച്ച് വളരെയധികം തരംഗം സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും സൃഷ്ടിച്ചുകൊണ്ട് ഇപ്പോൾ ഉടലിന്റെ ടീസർ പുറത്ത് വന്നിരിക്കുകയാണ്. പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വളരെയധികം സ്വീകാര്യത പ്രേക്ഷകരുടെ ഭാഗത്തുനിന്നും ടീസറിന് ലഭിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ആളുകൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
അടുത്തകാലത്തായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചെടുത്ത താരമാണ് ഇന്ദ്രൻസ്. ഇപ്പോൾ താരത്തിന്റെ വേറിട്ട ഒരു മേക്കോവർ കഥാപാത്രം കൂടി സിനിമാപ്രേമികൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് എങ്കിലും ഇതിലെ ചില ത്രില്ലിംഗ് നിമിഷങ്ങൾ എന്തുകൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അത് വെളിപ്പെടുത്തുന്നത് തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ടീസറും. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് വില്യം ഫ്രാൻസിസാണ്. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. കൃഷ്ണമൂർത്തി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിൽ ഗ്രീൻ ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചിരിക്കുന്നത്. മെയ് മാസം 20ന് ഗോകുലം മൂവീസിന്റെ ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് വാർത്തയും പുറത്തു വരുന്നുണ്ട്. ഇന്ദ്രൻസ് വീണ്ടും നെഗറ്റീവ് റോളിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഉടലിന് അവകാശപ്പെടാൻ ആയി ഉണ്ട്.
ഇന്ദ്രൻസിന്റെ വേറിട്ട വേഷവും കഥാപാത്ര മാറ്റവും ഗംഭീര പ്രകടനവും തന്നെയാണ് ടീസറിന് ഏറ്റവും വലിയ ഹൈലൈറ്റ് ആയി ആളുകൾ ചൂണ്ടികാണിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകർക്ക് ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കാൻ ഉടലിന് സാധിക്കുമെന്ന കാര്യത്തിൽ സംശയം ഒന്നും തന്നെ ഇല്ല. ശ്രീ ഗോകുലം മൂവി യൂട്യൂബ് ചാനലിൽ കൂടി പുറത്തുവന്ന ഈ ടീസർ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.