മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ എം നായര്‍. കുഞ്ചാക്കോ ബോബന് നായകനായ ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ദിവ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമ വിശേഷങ്ങളും യാത്രയോടുള്ള തന്റെ താത്പര്യത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ദിവ്യ. സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും താന്‍ ശ്രദ്ധിക്കപ്പെട്ടത് ഭീമന്റെ വഴിയിലൂടെയാണെന്നും സിനിമയില്‍ ബോള്‍ഡായ കഥാപാത്രം ചെയ്യാനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ദിവ്യ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. കുശലാന്വേഷണം പോലും നടത്താത്തവര്‍ മുതല്‍ എന്നും കൂടെ നില്ക്കുന്നവര് വരെ ഭീമന്റെ വഴി സിനിമയ്ക്ക് ശേഷം വിളിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്യുന്നുണ്ടെന്നും സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്നും ദിവ്യ പറയുന്നു.
ദിവ്യയുടെ വാക്കുകള്‍ ഇങ്ങനെ, ‘നല്ല സിനിമകളുടെ ഭാഗമായാലേ പ്രേക്ഷക മനസില്‍ എല്ലാ കാലത്തും ഇടമുണ്ടാകൂ. നീണ്ട കാത്തിരിപ്പിന് ശേഷം ബോള്‍ഡായ ഏറെ പ്രാധാന്യമുള്ള റോള്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷവും അതിലേറെ അഭിമാനമുണ്ട്. അഭിനയം എനിക്ക് ജീവിതമാണ്. ആ ജീവിതത്തില്‍ എന്നും കൂട്ടായി നില്‍ക്കുന്നത് യാത്രകളാണ്. സ്ഥലങ്ങള്‍, കാഴ്ചകള്‍ രുചികള്‍ യാത്രയിലൂടെ അറിയാനും അനുഭവിക്കാനും ഒരുപാടുണ്ട്. ജീവിതത്തിലെ പല പ്രതിസന്ധികളില്‍നിന്നും എന്നെ ഉയര്ത്തേഴുന്നേല്പിച്ചത് യാത്രകളാണ്. മനസിന് ശാന്തത നല്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാനാണ് എനിക്കേറെ ഇഷ്ടം’.
‘കൊറോണയുടെ കടന്നുവരവില്‍ ചില മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില യാത്രകള്‍ നടത്താനായി. കേരളത്തിനകത്ത് ചെറുയാത്രകള് പോയിരുന്നു. കോവിഡിന്റെ ആശങ്കയില്‍ നിന്ന് മനസിനെ സ്വസ്ഥമാക്കുവാനായി മക്കളോടൊത്ത് മൂന്നാറിലും ബീച്ച് ഡെസ്റ്റിനേഷനുകളിലുമൊക്കെ കറങ്ങി. ശാന്തമായ സ്ഥലമാണ് ഞാന്‍ എപ്പോഴും തിരയുന്നത്. മൂന്നു തവണ ദുബായ് യാത്ര ചെയ്തു. ദുബായുടെ മുക്കും മൂലയും ശരിക്കും ആസ്വദിച്ചിട്ടുണ്ട്. യാത്രകള്‍ പ്ലാനിടുമ്പോള്‍ എനിക്ക് മക്കള്‍ക്കും ഒരേ ചോയ്സാണ്. അടിപൊളി കാഴ്ചകള്‍ കഴിഞ്ഞാല്‍ ഞങ്ങളുടെ അടുത്ത ലക്ഷ്യം ഷോപ്പിങ്ങാണ്. എന്റെ സ്വപ്നയാത്രകളാണ് മാലദ്വീപ്, തായ്ലന്ഡ്, ഫുക്കറ്റ്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ളത്. തായ്ലന്ഡ്-ഫുക്കറ്റ് യാത്ര ഒരുപാട് ഇഷ്ടമാണ്. അവിടെ പോയി ഫൂട്ട് മസാജ് ഒക്കെ ചെയ്യണമെന്നുണ്ട്. സെക്സ് ടൂറിസത്തിന് പ്രാധാന്യം നല്കുന്ന നാടാണെന്ന് പറയുമെങ്കിലും നമ്മുടെ കാഴ്ചപ്പാടുകളാണല്ലോ ഓരോ നാടിന്റേയും സ്വഭാവം നിര്‍ണയിക്കുന്നത്. തായ്ലന്ഡ് എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ്.’