തിരുവനന്തപുരം: ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ഇന്നു മുതൽ 14 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തും.
ഗ്രാമ പഞ്ചായത്തിലും നഗരസഭകളിലും ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികൾ അതാത് നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകൾ അതത് ജില്ലാ കളക്ടർമാരായിരിക്കും പരിശോധിക്കുക. സെപ്തംബർ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഭവനമൊരുങ്ങുന്നത്.ഇതു കൂടാതെയാണ് വിട്ടുപോയ അർഹരായവരെ കണ്ടെത്താൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.