മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സുപ്രിയയും മകള്‍ അലംകൃതയും മലയാളികള്‍ക്ക് സുപരിചിതരാണ്. മകളുടെ ചിത്രങ്ങള്‍ നടന്‍ അധികം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറില്ല. ഇപ്പോള്‍ ഇതിന്റെ കാരണം പൃഥ്വിരാജ് തന്നെ പറഞ്ഞിരിക്കുകയാണ്. മാത്രമല്ല സൗഹൃദങ്ങളെ കുറിച്ചും അമ്മയെ കുറിച്ചും അച്ഛനെ കുറിച്ചുമൊക്കെ പൃഥ്വി പറയുന്നുണ്ട്.
പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ, ‘അമ്മ വളര്‍ത്തിയ മക്കളാണ് ഞാനും ഇന്ദ്രനും. അച്ഛന്‍ ഉണ്ടായിരുന്ന കാലത്തും അമ്മയാണ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. അച്ഛന് സിനിമകളൊക്കെ ആയി യാത്രകളില്‍ ആയിരുന്നു. ഇന്ന് ഇന്ദ്രജിത്തിനും പൃഥ്വിരാജിനും ഗുണങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട് എങ്കില്‍ അത് അച്ഛനമ്മമാരില്‍ നിന്നും കിട്ടിയ ഗുണങ്ങള്‍ തന്നെയാണ്. അമ്മയാണ് ഞങ്ങളുടെ ശക്തി. അച്ഛന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴും തോന്നാറുണ്ട്. പ്രത്യേകിച്ച് എനിക്കൊരു നേട്ടമുണ്ടാകുമ്പോള്‍, അംഗീകാരം കിട്ടുമ്പോള്‍, അപ്പോഴാണ് അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നത്. ഇത് കാണാന്‍ അച്ഛനില്ലല്ലോ എന്ന് സങ്കടം തോന്നാറുണ്ട്. അല്ലാതെ പ്രതിസന്ധിഘട്ടങ്ങളിലൂടെയല്ല അച്ഛനെ മിസ് ചെയ്യുന്നത്. പ്രതിസന്ധിഘട്ടത്തില്‍ ഞാന്‍ കൂടുതലും ആശ്രയിക്കുന്നത് എന്നെ തന്നെയാണ്.-പൃഥ്വി പറഞ്ഞു.
മകളെ സോഷ്യല്‍ മീഡിയകളില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെ കുറിച്ച് പൃഥ്വി രാജ് പറയുന്നതിങ്ങനെ, ഇതൊരു അകറ്റി നിര്‍ത്തല്‍ അല്ല. അവളെ തിരിച്ചറിയുന്ന പബ്ലിക് പ്രൊഫൈല്‍ തല്‍കാലം വേണ്ടെന്ന് വെച്ചതാണ്. അത് ഉള്‍കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വതന്ത്ര്യം നഷ്ടപ്പെടുന്നവിധം തല്‍കാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എന്റെയും സുപ്രിയയുടെയും തീരുമാനം. അവള്‍ കുറച്ചൂടേ വലുതാവട്ടേ. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞ് ഇത് മാറിയേക്കും.
അവള്‍ക്കിപ്പോള്‍ തന്നെ ഇതേ കുറിച്ച് ചെറിയ തിരിച്ചറിവുകള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ എന്നോടൊപ്പം നിന്ന് ഫോട്ടോകള്‍ എടുക്കാന്‍ മറ്റുള്ളവര്‍ വരുമ്പോള്‍ അച്ഛന്റെ ഫോട്ടോ എടുക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു എന്ന് അവള്‍ക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. അതില്‍ നിന്നും മകളെ മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് ഞങ്ങള്‍. കുറച്ച് കൂടി പ്രായമാവുമ്പോള്‍ അവള്‍ക്കിതെല്ലാം ഉള്‍കൊള്ളാന്‍ കഴിയും. എന്റെ ലോകമിതാണ്, അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, ഞങ്ങളുടെ ജീവിതരീതികള്‍ ഇതാണെന്നൊക്കെ മനസിലായി തുടങ്ങുന്നത് വരെ അവള്‍ ഇങ്ങനെ പോട്ടെ.
ദുല്‍ഖര്‍ സല്‍മാന്റെയും ഫഹദ് ഫാസിലിന്റെയും കുടുംബങ്ങളുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. നച്ചുവിനാണ് (നസ്രിയ) ഞങ്ങളുടെ സൗഹൃദത്തിന്റെ ക്രെഡിറ്റ്. ഞാനും ദുല്‍ഖറും ഫഹദും എറണാകുളത്ത് പത്ത് കിലോമീറ്ററിനുള്ളിലാണ് താമസിക്കുന്നത്. ലോക്ഡൗണ്‍ കാലത്താണ് കൂടുതലും ഒരുമിച്ച് കൂടിയിരുന്നത്. ആ സമയത്ത് സിനിമ ഉണ്ടായിരുന്നില്ലല്ലോ. ഇടയ്ക്കിടെ ഞങ്ങള്‍ മൂന്ന് കുടുംബങ്ങള്‍ക്കും ഒത്തുകൂടാന്‍ അവസരമൊരുക്കിയത് ലോക്ഡൗണ്‍ ആണ്. ചിലപ്പോള്‍ അവര്‍ എന്റെ വീട്ടിലേക്ക് വരും. അല്ലെങ്കില്‍ അവരുടെ വീടുകളിലേക്ക് പോകും. ഞങ്ങളുടെ കൂടി ചേരലുകള്‍ ഒട്ടും സിനിമ സംബന്ധമല്ല. എല്ലാവര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ എങ്ങനെയാണോ അതുപോലെയാണ് അവരും. ദുല്‍ഖറിന്റെ മോളും ആലിയും വലിയ കൂട്ടുകാരാണ്. ഒരുമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടികളാണ് അവര്‍.- പൃഥ്വിരാജ് പറഞ്ഞു.