ചലച്ചിത്ര നടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്. രചനയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
കമന്റ് വായിച്ചിട്ട് ഒരു ദിവസം മുഴുവൻ കിടന്ന് കരഞ്ഞ കാലം എനിക്കുണ്ടായിരുന്നു. പക്ഷെ ഇതല്ല, ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപരിചതരെ കണ്ടാൽ കുരയ്ക്കുന്നത് പട്ടികളാണെന്ന് പറയും. വേദനിപ്പിക്കാൻ പറയുന്നതല്ല. എന്നെ അറിയാത്ത ആൾക്കാർ എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുണ്ടാക്കുന്നു. അതിൽ ഞാൻ ആശങ്കപ്പെടേണ്ടതില്ല. ഇപ്പോൾ ഒരുവിധം എല്ലാവരും അങ്ങനെയാണ് ട്രോൾ എടുക്കുന്നത്. ഞാനൊക്കെ ട്രോൾ ആസ്വദിക്കുന്ന ആളാണ്.
എന്നെപ്പറ്റി എന്തെങ്കിലും ട്രോൾ വന്നാൾ രണ്ട് മൂന്ന് സുഹൃത്തുക്കളാണ് ആദ്യം അയച്ച് തരിക. ഞങ്ങൾ അതിനെപ്പറ്റി ഇരുന്നുള്ള ചർച്ചയാണ് പിന്നെ. ജീവിതം മനോഹരമാണ്. എന്റെ ജീവിതം കുറച്ച് കൂടെ മനോഹരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലരും വന്ന് ഓരോ കാര്യങ്ങളും പറയുമ്പോഴും എന്റെ സ്റ്റുഡന്റ്സ് വന്ന് ഓരോ കാര്യം ചോദിക്കുമ്പോൾ അവർക്ക് ഉത്തരം പറയാനാകുന്നുണ്ടല്ലോ. അതെനിക്ക് സന്തോഷം തരുന്നുണ്ട്. അവർ ഹാപ്പിയാകുമ്പോൾ ഞാനും ഹാപ്പി. അതിലും വലുതായിട്ട് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന പോളിസി.