തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങൾ പാട്ടിലൂടെ വെളിപ്പെടുത്തിയതിന് സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ഗായിക ഗൗരി ലക്ഷ്‌മിക്ക് പിന്തുണയുമായി എ എ റഹീം എംപി രംഗത്ത്. ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് പാട്ടിലൂടെ പറഞ്ഞതെന്ന് വെളിപ്പെടുത്തിയപ്പോൾ തെറി വിളിക്കുന്ന ആൾക്കൂട്ടം അപകടകരമാണെന്ന് എം പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണെന്നും, ഗൗരിക്ക് ഐക്യദാർഢ്യമെന്നും എം പി കുറിച്ചു.
‘എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’ എന്ന് തുടങ്ങുന്ന മുറിവ് എന്ന പേരിലുള്ള പാട്ട് ഏറെ നാളുകൾക്ക് മുൻപ് ഗൗരി പാടി പല വേദികളിൽ അവതരിപ്പിച്ചതാണ്. എന്നാൽ അടുത്തിടെയാണ് ആ പാട്ടിലെ വരികൾ ഉപയോഗിച്ച് ഗായികക്കെതിരെ സൈബർ ആക്രമണം ശക്തമായത്. തന്റെ അനുഭവം തന്നെയാണ് ആ പാട്ടിലെ വരികളിൽ ഉള്ളതെന്ന് ഒരു അഭിമുഖത്തിൽ ഗൗരി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാകട്ടെ സൈബർ ആക്രമണം അധികരിക്കുകയും ചെയ്‌തു. കുഞ്ഞുനാളിൽ ബസിൽ വെച്ചുണ്ടായ ദുരനുഭവമാണ് ഗൗരി ലക്ഷ്മി പാട്ടാക്കി മാറ്റിയത്.