അമ്മ ജനറൽ ബോഡി മീറ്റിംഗിൽ ഫഹദ് ഫാസിൽ പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം ഉന്നയിച്ച് നടൻ അനൂപ് ചന്ദ്രൻ. ഫഹദ് ഫാസിൽ സെൽഫിഷായ നടനാണെന്നും കൊച്ചിയിൽ വന്നിട്ട് യോഗത്തിൽ പങ്കെടുക്കാത്തത് തെറ്റായ രീതിയാണെന്നും നടൻ കുറ്റപ്പെടുത്തി. കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയാണ് അദ്ദേഹത്തിനെന്നും അനൂപ് പറഞ്ഞു.
യുവാക്കളുടെ ഭാഗത്ത് നിന്നും അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമുണ്ടാകണം. ഫഹദ് ഫാസിലിന്റെ നിലപാടിൽ അഭിപ്രായ വ്യത്യാസമുണ്ട്. അമ്മയുടെ യോഗം എറണാകുളത്ത് നടന്നപ്പോൾ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും കൊച്ചിയിൽ ഉണ്ടായിരുന്നു. മീരാ നന്ദന്റെ വിവാഹ റിസപ്ഷനിൽ രണ്ടുപേരും പങ്കെടുത്തിരുന്നു. പക്ഷെ, അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്നാണ് അനൂപ് ചന്ദ്രൻ പറയുന്നത്.
മലയാള സിനിമയിലെ ചെറുപ്പക്കാർ പൊതുവെ സെൽഫിഷായി പോകുകയാണ്. ഇതിൽ എടുത്ത് പറയാൻ സാധിക്കുന്ന പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം വാങ്ങുന്ന, അമ്മ അംഗമായ ഫഹദ് ഫാസിൽ ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന നടനാണ്. അമ്മയുടെ യോഗത്തിലേക്ക് വരാത്തതിന്റെ കാരണം കിട്ടുന്ന ശമ്പളം ഒറ്റയ്‌ക്ക് തിന്നണമെന്ന മനോഭാവം കൂടിയാണ്. അമ്മയെന്ന സംഘടനയ്‌ക്ക് ഒരു ലക്ഷ്യമുണ്ട്. സംഘടനയിലുള്ള ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, അവരെ ചേർത്ത് നിർത്തുക എന്നാണ്. ഇതുപോലൊരു സംഘടനയുടെ യോഗത്തിൽ വന്നാൽ ഫഹദിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.