മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. സിനിമയിലും സീരിയലിലും താരം അഭിനയിച്ചെങ്കിലും തിളങ്ങിയത് സീരിയലുകളിലൂടെയാണ്. നൂറോളം പരമ്പരകളില്‍ അഭിനയിച്ച സാജന്‍ ഇപ്പോഴും മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടന്‍. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോള്‍ അകാലത്തില്‍ വേര്‍പിരിഞ്ഞ് പോയ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സാജന്‍ സൂര്യ.
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന സതീശന്‍ നായരായിരുന്നു സാജന്റെ അച്ഛന്‍. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച് വര്‍ഷങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു സാജന്റെ അച്ഛന്‍ മരിക്കുന്നത്. അച്ഛന് അസുഖം ബാധിച്ച അന്നുമുതല്‍ അദ്ദേഹം ഈ ലോകത്ത് നിന്ന് വിടപറയുന്ന അന്ന് വരെ തന്റെ അച്ഛനും താനും കുടുംബവും അനുഭവിച്ച വേദനകളെ കുറിച്ചാണ് സാജന്‍ പറയുന്നത്. അച്ഛന്‍ അസുഖബാധിതനായി കിടന്ന ഏഴ് വര്‍ഷങ്ങള്‍ ഏഴ് നൂറ്റാണ്ടുകളായിട്ടാണ് അനുഭവപ്പെട്ടത് എന്നാണ് സാജന്‍ പറയുന്നത്.
സാജന്റെ വാക്കുകള്‍ ഇങ്ങനെ, ‘എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിയുന്നില്ലല്ലോ.കണ്ടുനില്‍ക്കുന്നവരാണല്ലോ അതിന്റെ ഭീകരത മനസിലാക്കുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും ഈ രോഗത്തെക്കുറിച്ച് അറിയാം. പണ്ട് അങ്ങനെയല്ല. മറന്നുപോകുന്ന അസുഖം എന്നൊക്കെ പറയുമ്പോള്‍ ഭ്രാന്ത് എന്ന രീതിയിലൊക്കെ പലരും തെറ്റിദ്ധരിച്ചിരുന്നു. അതിന്റെ വിഷമം കൂടി താങ്ങേണ്ടി വരും. എനിക്ക് 16 വയസുള്ളപ്പോഴാണ് അച്ഛനെ രോഗം ബാധിക്കുന്നത്. അസുഖം ബാധിച്ച ശേഷം അച്ഛന്റെ ഓര്‍മിയിലുണ്ടായിരുന്നത് ഞാന്‍ ജനിച്ചപ്പോഴൊക്കെയുള്ള കാലമാണ്.
അച്ഛന്റെ അനിയന്‍ പട്ടാളത്തില്‍ ചേരുന്നതിന് തൊട്ടുമുമ്പുള്ള കാലമാണ് അത്. ഞാന്‍ മുമ്പില്‍ ചെല്ലുമ്പോള്‍ ജയനാണോ (അച്ഛന്റെ അനിയന്‍) എന്ന് ചോദിക്കും. ഇത് സാജുവാണെന്ന് പറഞ്ഞാല്‍… അല്ല സാജു കുഞ്ഞല്ലേ… എന്നാകും മറുപടി. ഏഴു വര്‍ഷം ഈ അസുഖത്തിന്റെ തടവിലായിരുന്നു അച്ഛന്‍. എപ്പോഴും വീടിനുള്ളില്‍ തന്നെ. ആ ഏഴുവര്‍ഷം ഞങ്ങള്‍ വേദനയുടെ ഏഴ് നൂറ്റാണ്ടുകളായാണ് അനുഭവിച്ചുതീര്‍ത്തത്. അതൊന്നും വിവരിക്കാന്‍ സാധ്യമല്ല. ഒടുവില്‍ അച്ഛന്‍ പോയി…’.
‘വളരെ ഹാര്‍ഡ് വര്‍ക്കിങ് ആയ ആള്‍ ഓഫീസില്‍ പോകാനൊക്കെ മടി കാണിച്ച് തുടങ്ങിയതോടെ അസുഖത്തിന്റെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പതിയെപ്പതിയെ അച്ഛനെ ഈ രോഗം കീഴടക്കുകയായിരുന്നു. ആദ്യമൊന്നും ഇങ്ങനെയൊരു അസുഖമുള്ള കാര്യം അച്ഛന്‍ പുറത്തുപറഞ്ഞില്ല. സ്വന്തമായി ചികിത്സിക്കാനൊക്കെ ശ്രമിച്ചു. ഒരു ഘട്ടത്തില്‍ ആത്മഹത്യ ചെയ്താല്‍ കൊള്ളാമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നത്രേ. ഒരു കൂട്ടുകാരനോട് അത് പറഞ്ഞിരുന്നു….’.