നടി കെപിഎസി ലളിതയെ കുറിച്ചും അവരുടെ അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. ലളിത അഭിനയിക്കാന്‍ അറിയില്ലാത്ത നടിയാണെന്ന് ഒരു അഭിമുഖത്തില്‍ ഡെന്നീസ് പറയുന്നു. അവരുടെ സ്വഭാവത്തിലെ മഹത്വം സൂചിപ്പിക്കുന്ന ചില അനുഭവകഥയും അദ്ദേഹം പങ്കുവെച്ചിരുന്നു.
കലൂര്‍ ഡെന്നിസിന്റെ വാക്കുകള്‍, ‘ആദ്യം കെപിഎസി ലളിതയെ കാണുമ്പോള്‍ നാട്ടിന് പുറത്തു കാണുന്ന സാധാരണക്കാരായ ചേച്ചിമാരെ പോലെയാണ് തോന്നിയത്. അവരുടെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും കുശുമ്പും കുന്നായ്മയും ഒക്കെ സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിവുള്ള മറ്റൊരു നടി ഉണ്ടോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ലളിത അഭിനയിക്കുമ്പോള്‍ സ്വാഭാവികമായൊരു പരിചരണ രീതി ആയിട്ടേ തോന്നിയിട്ടുള്ളൂ. അവര്‍ ഒരിക്കലും അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവരെ അഭിനയിക്കാന്‍ അറിയാത്ത നടി എന്ന് വിശേഷിപ്പിക്കുന്നത്.
ഗജകേസരി യോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനില്ക്കുന്ന വേഷമാണ് ലളിതയുടേത്. ഭരതന്റെ പടം വിചാരിച്ചതു പോലെ ഷൂട്ടിങ് നടക്കാതെ വന്നതോടെ ലളിതയുടെ ഡേറ്റില്‍ ക്ലാഷ് വന്നു. ക്ലൈമാക്സും ഒന്നുരണ്ട് സീനുകളും മാത്രമേ ആ ചിത്രത്തില്‍ ചെയ്യാനുള്ളൂ. രണ്ടുദിവസം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ലളിതേ വിട്ടുതരണമെന്ന് പറഞ്ഞു ഭരതന് വിളിച്ചിരുന്നു. എന്നാല്‍ പി ജി വിശ്വംഭരന് അതിന് തയ്യാറായില്ല.
ഇതിനിടയില്‍ ഭരതന് എന്നെ വിളിച്ച് സംസാരിച്ചു. എടാ ഡെന്നീസേ, നീയൊക്കെ എന്ത് ദ്രോഹമാണ് ഈ ചെയ്യുന്നത്. ഞാന്‍ വിവാഹം കഴിച്ചിരിക്കുന്ന എന്റെ സ്വന്തം ഭാര്യയെ വിട്ടു തരില്ല എന്ന് പറയുന്നത് എവിടുത്തെ നിയമമാണ്. ഞാന്‍ കേസ് കൊടുത്താല്‍ ലളിതയെ പുഷ്പം പോലെ കൊണ്ടു വന്ന് വിട്ടിട്ട് ഒരു പാട്ടു പാടി കേള്‍പ്പിച്ചു പോകേണ്ടി വരും. അതുകൊണ്ട് ആ വിശംഭരനോട് ലളിതയെ വേഗം വിട്ടുതരാന്‍ പറഞ്ഞേക്ക് എന്നാണ് ഭരതന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് നര്‍മ്മം കേട്ട് ഒത്തിരി നേരം ഇരുന്ന് താന്‍ ചിരിച്ച് പോയി.
എന്നാല്‍ കെപിഎസി ലളിതയുടെ മഹത്വം മനസിലായത് അവിടെ ആണ്. വേറെ ഏതെങ്കിലും നടി ആയിരുന്നെങ്കില്‍ അച്ഛന് സുഖമില്ല, അമ്മയ്ക്ക് ആക്സിഡന്റ് ആണ് എന്നൊക്കെയുള്ള കള്ളം പറഞ്ഞു പോയി അഭിനയിക്കുമായിരുന്നു. അവിടെയാണ് ലളിത എന്ന അഭിനേത്രിയുടെ മഹത്വം നമ്മള് കാണേണ്ടത്. ഭരതന് ലളിതയെ വിവാഹം കഴിച്ചാതോടെയാണ് ലളിതയുടെ ജീവിതത്തില്‍ വസന്തം ഉണ്ടായതെന്നും മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ചില ലൊക്കേഷനില്‍ വച്ച് കാണുമ്പോള്‍ ഞാന്‍ തമാശയോടെ പറയുമായിരുന്നു. അപ്പോള്‍ പല്ല് പുറത്ത് കാണിക്കാതെ അഭിമാന പുരസ്സരമുള്ള മനംമയക്കുന്ന ചിരിയുമായി ലളിത നില്ക്കും. ആ സ്വഭാവത്തിന് കാലമേറെ കഴിഞ്ഞിട്ടും ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് അവരുടെ വ്യക്തിത്തിന്റെ മകുടോദാഹരണമായി നാം കാണേണ്ടത്.