ശോഭന സ്റ്റേജിലെത്തിയാൽ, അതു പിന്നൊരു വിസ്മയക്കാഴ്ചയാണ്. കഴിഞ്ഞ ദിവസം നിത മുകേഷ് അബാനി കൾച്ചറൽ സെന്ററിലും വിസ്മയകരമായ പ്രകടനമാണ് ശോഭന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴുത്തിൽ തലയോട്ടിമാലയും തലയിൽ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. ആ ശിവതാണ്ഡവത്തിനു സാക്ഷിയാവാൻ നടി രേവതി, ബോളിവുഡ് താരം ജാക്കി ഷ്റോഫ് എന്നിവരും എത്തിച്ചേർന്നിരുന്നു.
അതേസമയം, ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് ശോഭന. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് ശോഭനയുടെ നായകനാവുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. ചിത്രത്തിന് താൽക്കാലികമായി L360 എന്നാണ് പേരു നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്. ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവും.
നാലു വർഷങ്ങൾക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന്റെ അമ്മയായാണ് ഒടുവിൽ ശോഭന മലയാളത്തിൽ അഭിനയിച്ചത്. മാമ്പഴക്കാലം (2004) എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാഗർ ഏലിയാസ് ജാക്കിയിൽ (2009) ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോഡികളായിരുന്നില്ല.