ഗായിക സയനോര ഫിലിപ്പ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച വീഡിയോയ്ക്കും ചിത്രത്തിനും നിരവധി മോശം കമന്റുകളാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഇത്തരം കമന്റുകളോട് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക. ഈ മോശം കമന്റുകള്‍ തന്റെ ജീവിതത്തെയോ, സന്തോഷത്തെയോ ബാധിക്കില്ലെന്ന് സയനോര പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തില്‍ കയറി അഭിപ്രായം പറയുന്ന മലയാളികളുടെ സ്വഭാവം കപട പുരോഗമന ചിന്തകളുടെ സൃഷ്ടിയാണെന്നും താരം വ്യക്തമാക്കി.
സയനോരയുടെ കുറിപ്പ്, വീഡിയോ പോസ്റ്റ് ചെയ്തത് തെറ്റായെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും, സുഹൃത്തുക്കളെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ‘ആളുകള്‍ പഠിച്ചുവെച്ച കാര്യങ്ങള്‍ മറന്നേ മതിയാകൂ, ഇനിയും നേരം വെളുത്തിട്ടില്ലാത്തവര്‍ക്ക് മാറിചിന്തിക്കാനുള്ള സമയമാണിത്. അവര്‍ പറയുന്നതൊന്നും ഞങ്ങളുടെ കൂട്ടുകെട്ടിനെയോ ജീവിതത്തെയോ ബാധിക്കുന്നില്ല.
എന്റെ കാലുകള്‍ കണ്ടതില്‍ ആര്‍ക്കാണ് പ്രശ്‌നമുള്ളത്? എന്റെ കാല് തടിച്ചാലും കറുത്തിരുന്നാലും എന്റെ മാത്രം പ്രശ്‌നമാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീശരീരത്തിനെ ഒരു ലൈംഗിക വസ്തുവായി മാത്രം കാണുന്ന ആളുകളാണ് കൂടുതല്‍. സ്ത്രീകളുടെ തുടയോ, ഷോള്‍ഡറോ, കഴുത്തോ കണ്ടുപോയാല്‍ എന്താണ് കുഴപ്പം? അത് നോക്കുന്നവരുടെ മാത്രം കുഴപ്പമാണെന്നേ പറയാനുള്ളൂ.
എന്റ വീട്ടില്‍ എന്ത് തരം വസ്ത്രം ധരിക്കാനും എനിക്ക് അവകാശമുണ്ട്. അത് ചിലപ്പോള്‍ എന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്യും. അത് എന്റെ അവകാശമാണ്. അത് കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കാണാതിരിക്കുക. ഞാന്‍ മാത്രമല്ല, നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെണ്‍കുട്ടികളും ബോഡി ഷെയിമിങ് നേരിടുന്നുണ്ട്. കറുത്ത് തടിച്ച പെണ്‍കുട്ടികളെ ആര്‍ക്കും വേണ്ട, വെളുത്ത് മെലിഞ്ഞ സുന്ദരിയായ സ്ത്രീകളെ മാത്രമേ മലയാളികള്‍ക്ക് ആവശ്യമുള്ളു.
എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. എന്റെ ശരീരം എന്നെ ബുദ്ധിമുട്ടിക്കാത്തിടത്തോളം മറ്റുള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല. വീഡിയോക്ക് താഴെ വന്ന പോസിറ്റീവ് മേസേജുകള്‍ തരുന്ന എനര്‍ജി വളരെ വലുതാണ്. നമ്മുടെ സമൂഹം മാറിത്തുടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്.’