നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.
വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സദാചാരവാദികളേയും തന്റെ ചിത്രങ്ങൾ ദുരുപയോഗിക്കുന്ന ഓൺലൈൺ പാപ്പരാസികളേയും വിമർശിച്ച് നടി മീനാക്ഷി രവീന്ദ്രൻ രംഗത്തെത്തി. വസ്ത്ര ധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചില ആളുകളുടെ ചിന്താരീതികൾക്ക് കുഴപ്പമുണ്ടെന്നും മീനാക്ഷി പറഞ്ഞു. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാൻ വേണ്ടി അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മീനാക്ഷി മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമല്ലേ. നാടിന്റെ സംസ്‌കാരം ഒക്കെ ആളുകൾ പറഞ്ഞുണ്ടാക്കുന്നതാണ്. നമ്മുടെ നാട്ടിൽ പണ്ടുണ്ടായിരുന്ന എന്തെല്ലാം കാര്യങ്ങൾ പരിണമിച്ചു വന്നിട്ടുണ്ട്. പക്ഷേ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും സദാചാരവുമായി വരും. വസ്ത്രധാരണം എന്റെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഇഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്. ഞാൻ അതിൽ തൃപ്തയാണ്. മറ്റുള്ളവരുടെ നല്ല പേര് നേടിയെടുക്കാൻ വേണ്ടി അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കാൻ എനിക്ക് താൽപര്യമില്ല. വസ്ത്രധാരണം മറ്റെന്തിനോ ഉള്ള ‘യെസ്’ അല്ല. നമ്മൾ എങ്ങനെ വസ്ത്രമിട്ടാലും അതുവെച്ച് നമ്മളെ ജഡ്ജ് ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല,’ മീനാക്ഷി പറഞ്ഞു.
‘ഞാൻ പച്ച വസ്ത്രം ധരിച്ചുള്ള ഒരു വീഡിയോ എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. ചിലർ അതിലൂടെ എന്റെ സ്വകാര്യ ഭാഗങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലേക്ക് കയറുമ്പോൾ പോലും മുകളിൽ നിന്ന് എന്റെ മാറിടം ഷൂട്ട് ചെയ്തു സ്ലോ മോഷനിൽ എഡിറ്റ് ചെയ്തിടുകയാണ്. വീഡിയോയിൽ കാണുമ്പോൾ ഭയങ്കര വൃത്തികേടാണ്. അതിലേക്കു സൂം ചെയ്ത് ബിജിഎം ഒക്കെ ഇട്ടു വൃത്തികെട്ട തലക്കെട്ടും കൊടുത്ത് അവർ അത് പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ മുഖത്തു നോക്കി മുന്നിൽ നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്,’ മീനാക്ഷി ചോദിച്ചു.