പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ സൈബർ അറ്റാക്കിന് ഇരയായി നടി രശ്മിക മന്ദാന. പ്രശസ്ത ജങ്ക് ഫുഡ് കമ്പനിയുടെ ചിക്കൻ ബർഗറിന്റെ പരസ്യത്തിൽ സസ്യഭുക്കായ നടി ബർഗർ കഴിക്കുന്നതാണ് പരസ്യം. ആളുകളെ പരസ്യത്തിലൂടെ കബിളിപ്പിക്കുകയാണ് നടി ചെയ്യുന്നതെന്നാണ് ഉയരുന്ന വിമർശനം.
മുമ്പ് നൽകിയ ഒരഭിമുഖത്തിൽ താൻ വെജിറ്റേറിയനാണെന്ന് രശ്മിക പറഞ്ഞിരുന്നു. തുടർന്നാണ് ചിക്കൻ ബർഗർ ആസ്വദിച്ച് കഴിക്കുന്ന പരസ്യം പുറത്തായത്. നടിക്കെതിരെയുളള വിമർശനം കടുത്തതോടെ പരസ്യത്തിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. കൂടാതെ സമൂഹത്തിന് മാതൃകയായകേണ്ട താരങ്ങൾ ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നുമുള്ള പ്രതികരണം എത്തുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കരുതെന്നും നിങ്ങളെ കണ്ട് എല്ലാവരും അത് അനുകരിക്കാൻ ശ്രമിക്കുമെന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
അതേസമയം രശ്മികയെ പിന്തുണച്ചും ഒട്ടേറെപേർ എത്തിയിട്ടുണ്ട്. മുൻപ് സസ്യഭുക്ക് ആയതുകൊണ്ട് ഇപ്പോൾ ചിക്കൻ കഴിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. സൗന്ദര്യ വർധക വസ്തുക്കളുടെ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾ ആ ഉത്പന്നം സ്ഥിരമായി ഉപയോഗിക്കുന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
ഇതാദ്യമായിട്ടല്ല നടി രശ്മികക്കെതിരെ സെബർ ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ തെന്നിന്ത്യൻ സിനിമകളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് നടി പറഞ്ഞ വാക്കുകൾ വിവാദം സൃഷ്ടിച്ചിരുന്നു.
റൊമാന്റിക് ഗാനങ്ങളെന്നാൽ ബോളിവുഡ് ഗാനങ്ങളാണെന്നും തെന്നിന്ത്യൻ സിനിമയിലാണെങ്കിൽ മാസ് മസാലയും ഡാൻസ് നമ്പറുകളും ഐറ്റം നമ്പറുകളുമാണെന്ന് രശ്‌മിക പറഞ്ഞു എന്ന രീതിയിലാണ് വാർത്തകൾ പരന്നത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പിന്നീട് രശ്മിക വ്യക്തമാക്കിയിരുന്നു.