പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് നമിത പ്രമോദ്. അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണ്. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.
അഭിനയത്തിന് പുറമെ ബിസിനസിലും സജീവമാണ് നമിത. കസിൻസിനൊപ്പം ചേർന്നാണ് കഫേ തുടങ്ങിയതെന്ന് നമിത പറയുന്നു. എന്റെ കുടുംബത്തിൽ ഒരുപാട് പേർ ഷെഫായി ജോലി ചെയ്യുന്നുണ്ട്. അച്ഛന്റെ കുറേ സുഹൃത്തുക്കൾ റസ്‌റ്റോറന്റ് നടത്തുന്നുണ്ട്. അതൊക്കെ കൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളും ഇത് തിരഞ്ഞെടുത്തത്. അച്ഛൻ എപ്പോഴും ഇവിടെ തന്നെയാണ്.
സിനിമയും ബിസിനസും ഒരേപോലെ മാനേജ് ചെയ്ത് പോവാൻ ഭയങ്കര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാമായിരുന്നു. കഫേയുടെ കാര്യങ്ങൾ അച്ഛൻ മാനേജ് ചെയ്‌തോളും. അതുകൊണ്ട് അത്ര വലിയ സ്ട്രസ് ഇല്ല. ഹൃദയം സിനിമയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഞാൻ നല്ല ഫുഡിയാണ്. സിനിമയിലെത്തിയപ്പോഴാണ് ഫിറ്റ്‌നസൊക്കെ നോക്കിത്തുടങ്ങിയത്. ചെറുപ്പത്തിലൊക്കെ പ്ലാൻഡായ ലൈഫായിരുന്നു. കുറേ പ്ലാനിംഗൊക്കെയുണ്ടായിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളിൽ പലതും മണ്ടത്തരമാണെന്ന് ഇന്ന് തോന്നാറുണ്ട്. എത്ര ഇടുങ്ങിയ ചിന്താഗതിയാണെന്നും തോന്നിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്. കുറച്ച് നാൾ മാറ്റിനിന്ന് നമുക്ക് തിരിച്ച് വരാവുന്നതേയുള്ളൂ. വിവാഹശേഷവും അഭിനയിക്കുന്ന ഒരുപാട് നായികമാർ ഇവിടെയുണ്ട്. നിനക്ക് അഭിനയിക്കണമെങ്കിൽ ആവാം, അല്ലെങ്കിൽ വേണ്ട എന്നാണ് വീട്ടുകാരുടെ നിലപാട്.
മീനാക്ഷിയെക്കുറിച്ചും നമിത പ്രമോദ് സംസാരിച്ചിരുന്നു. അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് മീനാക്ഷി. ഞങ്ങൾ ഫ്രണ്ട്‌സായത് കൊണ്ട് മീഡിയ ഉണ്ടാവുമെന്നൊന്നും അവൾ നോക്കിയില്ല. ഞാൻ ഇത് തുടങ്ങുന്നതിനെക്കുറിച്ച് അവൾക്കൊക്കെ നേരത്തെ അറിയാം. ഞാനുമായി ബന്ധപ്പെട്ടവർക്കെല്ലാം പുതിയ തുടക്കത്തെക്കുറിച്ച് നേരത്തെ അറിയാം എന്നും നമിത പറയുന്നു.