കാഞ്ഞങ്ങാട്ടെ നാട്ടുഭാഷയുടെ നൈർമ്മല്യവുമായെത്തിയ സംഭവബഹുലമായ ഒരു കൊച്ചു വലിയ സിനിമയായ ‘തിങ്കളാഴ്ച നിശ്ചയ’ത്തിനുശേഷം കാസർഗോഡിന്‍റെ മണ്ണിൽ നിന്നുള്ള സെന്നയുടെ രണ്ടാമത്തെ മലയാള സിനിമ ‘1744 വൈറ്റ് ആൾട്ടോ’ ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. എന്നാൽ ഈ കൊച്ചു സിനിമയെ പോലും യാതൊരു കൂസലുമില്ലാതെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുകയാണ് ചിലർ. കേരളമെങ്ങും റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രദർശനം തുടങ്ങുന്നതിന് 3 മണിക്കൂർ മുൻപേ തന്നെ യു ട്യൂബിൽ എഡിറ്റ് ചെയ്ത റിവ്യൂ റെഡി!! ഇതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് നിർമ്മാതാക്കൾ.
നിരൂപണം എന്നതിനുമപ്പുറം ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശ്യത്തിൽ സിനിമകളെ വിലയിരുത്തുന്ന ചില യുട്യൂബ് ചാനലുകൾ സമീപകാലത്തായി ഉയർന്നുവന്നിട്ടുണ്ട്. അത്തരത്തിൽ തന്റെ 300 സബ്സ്ക്രൈബേഴ്സ് മാത്രമുള്ള ചാനലിൽ സിനിമാ റിവ്യൂ എന്ന പേരിൽ അപക്വമായി നടത്തിയ വീഡിയോയ്ക്ക് പിന്നിൽ ആരെല്ലാമുണ്ടെന്ന് ഉടൻ കണ്ടെത്തുവാൻ കഴിഞ്ഞേക്കും.
തൊണ്ടിമുതലും ദൃക്സാക്ഷിയും, തിങ്കളാഴ്ച നിശ്ചയം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങൾക്ക് ശേഷം കാസർകോഡിന്‍റെ ഭൂമികയിലെത്തുന്ന സിനിമ കൂടിയാണ് ‘1744 വൈറ്റ് ആൾട്ടോ’. ഷറഫുദ്ദീൻ പോലീസ് കഥാപാത്രമായാണ് ‘1744 വൈറ്റ് ആൾട്ടോ’യിൽ എത്തുന്നത്.
ഷറഫുദ്ദീന്‍റെ ഏറെ പുതുമയുള്ള വേഷമാണ് ചിത്രത്തിലേത്. ഷറഫുദ്ദീനെ കൂടാതെ വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയ ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കബിനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.