in

ഒരു കാറുണ്ടാക്കിയ പൊല്ലാപ്പുകൾ, ചിരിച്ച് മറിയാനുള്ള ചേരുവയെല്ലാമുണ്ട് ഈ 1744 വൈറ്റ് ആൾട്ടോയിൽ: റിവ്യൂ വായിക്കാം

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുകയാണ് വേനലിൽ പൊന്നിൽ കുളിച്ചു നിൽക്കും പോലെയൊരു ഭൂമിക. അതിനിടയിൽ അവിടവിടെയായി ഉണങ്ങി ഇലകൾ കൊഴിഞ്ഞ് നിൽക്കുന്ന മരങ്ങളുണ്ട്. അവയുടെ നടുക്ക് ഒരു ഡീൽ നടക്കുകയാണ്. ടൈറ്റിൽ കാര്‍ഡിൽ പേര് തെളിയുന്നത് ഈ ഡീലിന്‍റെ പശ്ചാത്തലത്തിലാണ്. മലയാളത്തിലെ ഏറെ പുതുമ നിറഞ്ഞൊരു സിനിമ അങ്ങനെ വിശേഷിപ്പിക്കാം ഷറഫുദ്ദീൻ നായകനായ 1744 വൈറ്റ് ആള്‍ട്ടോയെ. വേനലിൽ കാസര്‍ഗോഡിന്‍റെ ഭംഗി അതിമനോഹരമായി ഒപ്പെയെടുത്തിരിക്കുന്ന ക്യാമറ കാഴ്ചകളും അതോടൊപ്പം മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ്, പച്ച തുടങ്ങിയ ഇടിവെട്ട് നിറങ്ങളുടെ കാഴ്ചവിരുന്നുമാണ് ആകെമൊത്തം ചിത്രം സമ്മാനിക്കുന്നത്.

നമ്മള്‍ ഇതുവരെ കാണാത്തൊരു ലോകം എന്ന് തോന്നിപ്പോകും ചിത്രം കണ്ടിരിക്കുമ്പോള്‍. കട്ട 90സ് ടറന്‍റിനോ വൈബിൽ ഒരു ലാറ്റിനമേരിക്കൻ ടച്ച് അനുഭവപ്പെടുത്തുന്നുമുണ്ട് ചിത്രം. സിനിമ തുടങ്ങുന്നത് ഒരു കാറിൽ നടക്കുന്ന ചില സംഭവ വികാസങ്ങളിലാണ്. ഒരു വെയര്‍ ഹൗസിൽ വെച്ച് ഒരു അടിപിടിയുണ്ടാകുന്നു. ശേഷം ആ കാറിൽ വെച്ചും അതിന്‍റെ തുടര്‍സംഭവങ്ങള്‍ അരങ്ങേറുന്നു. ഇതിലൊക്കെ ഉള്‍പ്പെട്ടിരിക്കുന്ന രണ്ടുപേര്‍ എബി, കണ്ണൻ എന്നീ രണ്ട് കള്ളന്മാരാണ്. ഇവര്‍ക്കും ആ കാറിനും പിന്നാലെ പോലീസുകാര്‍ നടത്തുന്ന യാത്രയാണ് ചിത്രം. ഒരു ക്യാറ്റ് മൗസ് ഗെയിം ഫീൽ ചെയ്യുന്ന രീതിയിൽ പോകുന്ന സിനിമയിൽ പ്രേക്ഷകരും ഇവര്‍ക്ക് പുറകെ ഇവരെ അന്വേഷിച്ച് നടക്കുകയാണെന്ന് അനുഭവപ്പെടുത്തുന്നുമുണ്ട് ചിത്രം.

രാജേഷ് മാധവനും ആനന്ദ് മന്മഥനുമാണ് എബിയും കണ്ണനുമായി എത്തയിരിക്കുന്നത്. എബി വളരെ കൂള്‍ മൈൻഡാണ്. പക്ഷേ കണ്ണൻ ചൂടനാണ്. കണ്ണന്‍റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള കോപം മൂലം ഇവര്‍ പല ഏടാകൂടങ്ങളിലും പെടാറുണ്ട്. അത്തരത്തിൽ ഒരേടാകൂടത്തിൽ പെടുമ്പോള്‍ ഇവര്‍ക്ക് പുറകെ എസ്.ഐ മഹേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണത്തിനിറങ്ങുകയാണ്.

ഷറഫുദ്ദീനാണ് എസ്.ഐ മഹേഷായി എത്തിയിരിക്കുന്നത്. പോലീസുകാരുടെ സംഘത്തിൽ അരുൺ കുര്യൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ എന്നിവരുമുണ്ട്. എബിക്കും കണ്ണനും പുറകെ ഇവരുടെ രസകരമായ യാത്രയാണ് സിനിമ. ഇതിൽ സജിൻ, രഞ്ജി എന്നിവരുടെ സിറ്റുവേഷണൽ കോമഡികളും തിയറ്ററിൽ വൻ കൈയ്യടി കിട്ടുകയുണ്ടായി. റോഷാകിലെ വ്യത്യസ്തമായ വേഷത്തിന് ശേഷം ഷറഫുദ്ദീൻ വീണ്ടും ഏറെ അനായാസമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിലെ മഹേഷ് എന്ന പോലീസുകാരനെ. കേസന്വേഷണത്തിനിടയിൽ കുടുംബ പ്രശ്നങ്ങളും മറ്റും വട്ടം ചുറ്റിക്കുന്ന ഒരു സാധാ പോലീസുകാരനെ ഗംഭീരമായി താരം പകര്‍ന്നാടിയിട്ടുണ്ട്. ഷറഫുദ്ദീന്‍റെ ഭാര്യയായി വിൻസിയും അമ്മയായി സ്മിനു സിജോയും ശ്രദ്ധേയ വേഷങ്ങളിൽ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഏറെ രസകരമായ മറ്റൊരു വേഷം എംഎച്ച് വിജയൻ എന്ന കഥാപാത്രമായെത്തിയ നവാസ് വള്ളിക്കുന്നിന്‍റേതാണ്. പല പല ദിശയിൽ പോകുന്നവരുടെ ജീവിതങ്ങള്‍ ഒരു ആൾട്ടോ കാറുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നും അതിന്‍റെയൊക്കെ പരിണത ഫലങ്ങൾ എന്തായി തീരുന്നുവെന്നും ഡാര്‍ക്ക് കോമഡിയുടെ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ക്രൈം കോമഡി ഗണത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്. സിനിമയുടെ അവസാനത്തോടടുക്കുമ്പോള്‍ ചിത്രം ഒരു ക്രൈം ഡ്രാമയുടെ തലത്തിലേക്ക് മാറുന്നുമുണ്ട്. ആരും പ്രതീക്ഷിക്കാത്ത ഗംഭീര ക്ലൈമാക്സും അതിലും ഗംഭീരമായൊരു ടെയ്ൽ എൻഡുമാണ് സിനിമയുടെ പ്ലസ്. മലയാളത്തിലെ തന്‍റെ ആദ്യ സംവിധാന സംരംഭമായ തിങ്കളാഴ്ച നിശ്ചയത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സെന്ന ഹെഗ്ഡെ തന്‍റെ രണ്ടാമത്തെ മലയാള സിനിമയിലും ഏറെ പുതുമകളാണ് കൊണ്ടുവന്നിരിക്കുന്നത്.

ശ്രീരാജ് രവീന്ദ്രന്‍റെ ഛായാഗ്രഹണം സിനിമയുടെ മൂഡിനനുസരിച്ചാണ് നീങ്ങുന്നത്. സെന്ന ഹെഗ്ഡെയോടൊപ്പം തിരക്കഥാരചനയിലും ശ്രീരാജ് പങ്കാളിയായിട്ടുണ്ട്. എഡിറ്റർ ഹരിലാൽ കെ രാജീവും നോൺലീനിയര്‍ രീതിയിൽ നീങ്ങുന്ന സിനിമയെ പാകത്തിന് കൂട്ടിയോജിപ്പിച്ചിട്ടുണ്ട്. ചിത്രത്തിനനുയോജ്യമായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയ മുജീബ് മജീദിന്‍റേയും മികച്ച വര്‍ക്കാണ് ചിത്രത്തിലേത്.

കേരളത്തിൽ സജീവ ചര്‍ച്ചാ വിഷയയമായ ജാതി, മത, രാഷ്ട്രീയ, സാമൂഹിക, ഭരണ വ്യവസ്ഥിതികളൊക്കെ സറ്റയര്‍ രീതിയിൽ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. നന്മ മരങ്ങൾക്കും കല്ലേറ് കിട്ടും സാറേ, എന്നാ ഞാൻ മതം മാറാൻ പോവുകയാണ്, കഞ്ചാവ് വലിച്ചിട്ടാണാ പോലീസ് നായ കഞ്ചാവിന്‍റെ മണം പിടിക്കണത്, പശുവല്ല സാറേ പോത്താ തുടങ്ങിയ ഡയലോഗുകളൊക്കെ തന്നെ ഇതിനുദാഹരണമാണ്.

കബിനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. മെൽവി ജെയുടെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് മണലിപ്പറമ്പിലിന്‍റെ മേക്കപ്പും വിനോദ് പട്ടണക്കാടന്‍റെ കലാസംവിധാനവും എടുത്ത് പറയേണ്ട ഘടകങ്ങളാണ്. തീര്‍ച്ചയായും മലയാളത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള വിഷ്വൽ ട്രീറ്റും ഡാര്‍ക്ക് കോമഡിയുമാണ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്.

Written by admin

സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക ജ്യോതി കൃഷ്ണ, ഒരു തിരിച്ചു വരവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ആരാധകർ

സിനിമയുടെ ആദ്യ പ്രദർശനം തുടങ്ങുന്നതിനും മൂന്ന് മണിക്കൂർ മുൻപേ കരുതിക്കൂട്ടിയുള്ള ആക്രമണം; തൽക്ഷണ നടപടിക്കൊരുങ്ങി ‘1744 വൈറ്റ്‌ ഓൾട്ടോ’ നിർമ്മാതാക്കൾ.!