ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടനാണ് ടി.പി.മാധവൻ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കുറേക്കാലമായി അദ്ദേഹത്തെ സിനിമകളിലെ ടെലിവിഷനിലോ കാണാനില്ല.
600ലധികം മലയാളസിനിമകളീൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി മാധവനിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ജീവിക്കുന്നത്. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്. സിനിമാലോകത്തുനിന്ന് അധികമാരും നോക്കാറില്ലെന്ന് അടുത്തിടെ മാധവൻ പറഞ്ഞിരുന്നു. “മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികൾക്ക് ഇവിടെ വരാൻ അത്ര താൽപ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികളെന്നാണ് അന്ന് പറഞ്ഞത്
1980-കളിലും 90-കളിലുമൊക്കെ എല്ലാ സിനിമയിലും ഒരു ചെറിയ റോളെങ്കിലും ടി.പി മാധവന് സംവിധായകർ കരുതിവെച്ചിരുന്നു. എല്ലാ സിനിമയിലും പതിവായി കാണുന്നതുകൊണ്ട് ടി.പി മാധവന് സിനിമയിൽ നാരദരെന്ന ഇരട്ടപ്പേരും വീണു. 500-ലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച ടി.പി മാധവൻ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. 2016-ൽ പുറത്തിറങ്ങിയ ‘മാൽഗുഡി ഡെയ്‌സി’ലാണ് ഒടുവിലായി അഭിനയിച്ചത്.
പ്രസിദ്ധ കവിയും സാഹിത്യകാരനുമായ ടി എൻ ഗോപിനാഥൻ നായരുടെ അനന്തരവനാണ് ടി.പി മാധവൻ.സന്ദേശം,വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം,നരംസിംഹം തുടങ്ങിയവയാണ് ടി.പി മാധവന്റെ ശ്രദ്ധേയ ചിത്രങ്ങൾ. ചെറിയ വേഷങ്ങൾ മാത്രം അവതരിപ്പിച്ചു കൊണ്ട് 40 വർഷത്തിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് ടി.പി മാധവൻ.