നടി അഭിരാമി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന ജയറാം ചിത്രമാണ് മുന്നിലേയ്ക്ക് തെളിഞ്ഞു വരിക. സിനിമയിലെ ‘ആണല്ലാ.. പെണ്ണല്ലാ.. അടിപൊളി വേഷം, പെണ്ണായാല്‍ കാണില്ലേ പേരിനു നാണം’ എന്ന പാട്ട് പ്രത്യേകിച്ചും.
അടുത്തിടെ ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് അറിയിച്ച് അഭിരാമി തന്നെ രംഗത്തെത്തിയതോടെ ചിത്രം വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1999 ല്‍ ആ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 15 വയസ്സിന്റെ ചിന്തകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍, ഇപ്പോള്‍ ആ കഥയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തീരെ അംഗീകരിക്കാനാകുന്നില്ലെന്നും താരം പിന്നീട് പറഞ്ഞിരുന്നു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിരാമി അഭിനയിച്ചിട്ടുണ്ട്. 1981, ജൂലൈ 26-ന് തമിഴ്‌നാട്ടിലാണ് അഭിരാമി ജനിച്ചത്. പക്ഷേ വളര്‍ന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്ത് ആയിരുന്നു. അതുകൊണ്ടു തന്നെ തമിഴ്, മലയാളം എന്നീ ഭാഷകള്‍ അഭിരാമിക്ക് നല്ല വശമാണ്.
സ്‌കൂള്‍ ജീവിതം ക്രൈസ്റ്റ് നഗര്‍ ഇംഗ്ലീഷ് സ്‌കൂളിലും, കോളേജ് ജീവിതം മാര്‍ ഇവാനിയോസ് കോളേജിലുമാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെന്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അഭിരാമി കാമറയ്ക്ക് മുന്നിലേയ്ക്ക് എത്തപ്പെടുന്നത്. അങ്ങനെ,1999-ല്‍ ഇറങ്ങിയ മലയാള ചലച്ചിത്രമായ പത്രം എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു.
പിന്നീട് മില്ലേനിയം സ്റ്റാര്‍സ്, ഞങ്ങള്‍ സന്തുഷ്ടരാണ്, ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ പ്രമുഖ നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിരാമി അഭിനയിച്ചിട്ടുണ്ട്. യോദ്ധയില്‍ മോഹന്‍ലാലിനൊപ്പം അഭിരാമി എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രഭു, ശരത് കുമാര്‍, അര്‍ജ്ജുന്‍, എന്നീ പ്രമുഖ നടന്മാരോടൊപ്പം തമിഴിലും അഭിരാമി അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ തമിഴ് ചിത്രം വാനവില്‍ ആയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായക സിനിമയായ വീരുമാണ്ടിയില്‍ പ്രമുഖ നടന്‍ കമലഹാസന്റെ കൂടെ അഭിരാമി അഭിനയിച്ചു.
എന്നാല്‍, ഒരുപാട് നടിമാരുടെ ആധിപത്യം ഇല്ലാതിരുന്ന കാലത്ത് എത്തപ്പെട്ട അഭിരാമി ഉള്‍പ്പെടെയുള്ള പല താരങ്ങളും പുതുമുഖ നടിമാരുടെ കുത്തൊഴുക്കില്‍ പെട്ട് പിന്തള്ളപ്പെടുന്ന കാഴ്ചയ്ക്കും പ്രേക്ഷകര്‍ സാക്ഷിയാണ്. അടുത്തിടെ നിലത്തിരുന്ന് ചക്കപ്പഴം മുറിക്കുന്ന അഭിരാമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
ചെറിയ ആനന്ദം പ്രിയപ്പെട്ട കാര്യങ്ങൾ… ജാക്ക്ഫ്രൂട്ട്, ചക്ക അല്ലെങ്കിൽ തമിഴിൽ പലാ പഴം. ഓരോ കഷണങ്ങളും ലഭിക്കുന്നത് കഠിനധ്വാനം ആണെങ്കിലും, അവസാനത്തെ ‘അധ്വാനത്തിന്റെ ഫലം’ വളരെ രുചികരമാണ് !! എന്റെ ഭർത്താവും അച്ഛനും ചക്ക വരട്ടിയുടെ (പഴത്തിൽ നിന്ന് നിർമ്മിച്ച ഒരു ജാം) വലിയ ആരാധകരാണ്.’ എന്ന കുറിപ്പോടു കൂടിയാണ് അഭിരാമി ചിത്രങ്ങൾ പങ്കു വച്ചത്.