കോഴിക്കോടുള്ള കല്ലായി എന്ന ചെറിയ ഗ്രാമത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയായി ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി. അവള്‍ യാദൃച്ഛികമായി സിനിമയിലെത്തി. മലയാളസിനിമയിലെ താരരാജാവിന്റെ മകളായി റെക്കോര്‍ഡ് ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രത്തില്‍ അഭിനയിക്കുക. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളായി അഭിനയിച്ച അന്‍സിബ ഹസനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഒരു നടിയാവാന്‍ പ്രയത്‌നിച്ചിട്ടില്ലെന്നും ഇതുവരെ തന്റെ ജീവിതത്തില്‍ നടന്നതെല്ലാം ആകസ്മികമായി സംഭവിച്ചതാണെന്നും അന്‍സിബ ഹസന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. കോഴിക്കോടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്ന ഞാന്‍ റിയാലിറ്റി ഷോ വഴിയാണ് സിനിമയില്‍ എത്തിയത്. അഭിനയമൊന്നും എന്റെ വിദൂര സ്വപ്നത്തില്‍ പോലുമില്ലാത്ത കാലം.
എന്റെ അനിയനാണ് ടിവിയില്‍ ഒരു റിയാലിറ്റി ഷോയുടെ പരസ്യം കണ്ടിട്ട് അമ്മയോട് പറഞ്ഞത്. അമ്മയ്ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ അനിയന്‍ പറഞ്ഞ് അമ്മയാണ് ഫോട്ടോ അയച്ചത്. ഇന്‍വിറ്റേഷന്‍ വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്ന് താരം വെളിപ്പെടുത്തി.
ഒരു അഭിനയേത്രി ആകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ചിലരൊക്കെ സിനിമയില്‍ അഭിനയിക്കാനായി കുട്ടിക്കാലത്തു തന്നെ തയാറെടുപ്പ് നടത്തും , നൃത്തം, തിയറ്റര്‍, അങ്ങനെ ഒരുപാടു പരിശീലനങ്ങള്‍, അത്തരത്തില്‍ ഒരു പരിശീലനവും ഇല്ലാതെയാണ് ഞാന്‍ വന്നത്. റോഷന്‍ ആന്‍ഡ്രൂസ് സാറായിരുന്നു റിയാലിറ്റി ഷോയുടെ ജഡ്ജ് . അതില്‍ ഞാന്‍ അവസാന പത്തില്‍ എത്തി. എനിക്ക് കിട്ടിയത് മോസ്റ്റ് പോപ്പുലര്‍ ആക്ട്രെസ് എന്ന ടൈറ്റില്‍ ആണ്. അതോടെ അഭിനയിക്കാന്‍ കഴിയുമെന്ന് തോന്നിത്തുടങ്ങി.
അതിനു ശേഷം ചെറിയ സിനിമ അവസരങ്ങള്‍ കിട്ടി. അതിനു ശേഷം ചെറിയ സിനിമ അവസരങ്ങള്‍ കിട്ടി. തമിഴില്‍ നായികയായാണ് തുടക്കം കുറിച്ചത്. എങ്കിലും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യത്തില്‍ അഭിനയിച്ചതിന് ശേഷമാണ്. ദൃശ്യത്തിലേക്ക് ജീത്തു സര്‍ ആണ് വിളിച്ചത്. ഒരു പാവം ലുക്കുള്ള നാടന്‍ പെണ്‍കുട്ടിയെയാണ് ആ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. എന്റെ ഒരു നാടന്‍ വേഷത്തിലുള്ള ഫോട്ടോ ജീത്തു സര്‍ കണ്ടിരുന്നു, അങ്ങനെയാണ് എന്നെ വിളിച്ചത്. പക്ഷേ അവിടെ എത്തി എന്നെ കണ്ടപ്പോള്‍ ഫോട്ടോയിലെ പോലെ അല്ല. പിന്നീട് അഭിനയിച്ചുകാണിക്കാന്‍ പറഞ്ഞു.
ദൃശ്യത്തില്‍ വരുണ്‍ ഭീഷണിപ്പെടുത്തുന്ന സീന്‍ ആയിരുന്നു ചെയ്തു കാണിക്കാന്‍ തന്നത്. അത് ചെയ്തു കാണിച്ചു, പക്ഷേ സെലക്ട് ചെയ്യുമെന്ന് മനസില്‍ പോലും കരുതിയില്ല. ജീത്തു സാറിന്റെ ഭാര്യ ലിന്റ ചേച്ചിയായിരുന്നു കോസ്റ്റ്യൂം ചെയ്തത്. ചേച്ചി ചില കോസ്റ്റ്യൂംസ് എന്നില്‍ പരീക്ഷിച്ച് സിനിമയിലെ കഥാപാത്രത്തെപോലെ മേക്കപ്പ് ഇട്ടു നോക്കി.
എന്നിട്ടും സിനിമയില്‍ തിരഞ്ഞെടുത്തോ എന്നത് മാത്രം പറഞ്ഞില്ല. അത് കഴിഞ്ഞു നിരാശയോടെ ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നൊരു വിളി. വസ്ത്രത്തിന്റെ അളവൊക്കെ കൊടുത്തിട്ടു പോകൂ എന്ന് ജീത്തു സര്‍ പറഞ്ഞു. ഞാന്‍ അദ്ഭുതപ്പെട്ടു നോക്കി, അപ്പോള്‍ സര്‍ പറഞ്ഞു താന്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്, കോസ്റ്റ്യൂം ചെയ്യേണ്ടേ അതിനായി മെഷര്‍മെന്റ് കൊടുക്കൂ എന്ന്. അതെനിക്ക് ഭയങ്കര സര്‍പ്രൈസ് ആയിരുന്നു.
ഷൂട്ട് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് എന്നെ സെലക്ട് ചെയ്തതെന്നും താരം പറയുന്നു. അതേസമയം വിവാഹവാര്‍ത്തയോട് താരം പ്രതികരിച്ചതിങ്ങനെയായിരുന്നു. സുഹൃത്തുക്കളൊക്കെ വിവാഹം കഴിഞ്ഞോ എന്ന് വിളിച്ചു ചോദിച്ചു. കല്യാണം കഴിക്കണം, വീട്ടുകാര്‍ ആലോചിക്കുന്നുണ്ട്, പക്ഷേ ഉടനെ ഇല്ല, ഞാന്‍ പിടി കൊടുത്തിട്ടില്ല. ഞാന്‍ റൊമാന്റിക് ആയ ഒരാളാണ്.
പിന്നെ യാത്രകള്‍ എനിക്കേറെ ഇഷ്ടമാണ്, ഇതുപോലെ ഒക്കെ ഉള്ള ഒരാള്‍ ആയാല്‍ നല്ലത്. അതേസമയം തനിക്ക് തമിഴ് നടന്‍ സൂര്യയോട് ക്രഷ് തോന്നിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. അതേസമയം പൃഥ്വിരാജ് നായകനായെത്തിയ സെല്ലുലോയ്ഡില്‍ ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്നും പിന്നീട് ചുരുണ്ട മുടിയുള്ള ചാന്ദ്‌നിയെ കിട്ടിയപ്പോള്‍ തന്നെ റീപ്ലേസ് ചെയ്യുകയായിരുന്നുവെന്നും ആ വേഷം ചെയ്യാന്‍ പറ്റാഞ്ഞതില്‍ അതിയായ വിഷമമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.