പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ ഇപ്പോള്‍ ഉടല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുകയാണ്. ഇന്ദ്രന്‍സ്- ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനിടെ ദുര്‍ഗ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും ദിലീപിനൊപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ചും താരം പറഞ്ഞവാക്കുകളാണ് ശ്രദ്ധിക്കപ്പെട്ടത്. ‘ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യും. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുര്‍ഗ പറയുന്നു.
തങ്ങളെ പോലുള്ള നിരവധി പേര്‍ക്ക് അതിജീവിത പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്’, എന്നാണ് ദുര്‍ഗ പറഞ്ഞത്.
വിജയ് ബാബു വിഷയത്തിലും ദുര്‍ഗ പ്രതികരിച്ചിരുന്നു. വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗ കൃഷ്ണ പ്രതികരിച്ചു.
ധ്യാനിന്റെ മീടു വിഷയത്തിലും ദുര്‍ഗയ്ക്ക് സംസാരിക്കാനുണ്ടായിരുന്നു. ‘ധ്യാന്‍ ചേട്ടന്‍ മീ ടൂ വിനെക്കുറിച്ച് പറഞ്ഞ വിഡിയോ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അദ്ദേഹം ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു വിഡിയോ ഞാന്‍ കണ്ടിരുന്നു. ധ്യാന്‍ ചേട്ടന്‍ മീ ടൂവിനെ പുച്ഛിച്ചുകൊണ്ടു സംസാരിച്ചതാണെന്നു എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് അദ്ദേഹം സംസാരിക്കുക. ഇനിയിപ്പോ അദ്ദേഹത്തിന്റെ സംസാരം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ടല്ലോയെന്നാണ് ദുര്‍ഗ പറയുന്നത്.
ഉടലിലെ ചുംബനരംഗത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളോടും ദുര്‍ഗ പ്രതികരിച്ചു. ‘ഞാന്‍ വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് എനിക്കെതിരെ മാത്രം. കൂടെ അഭിനയിച്ച മറ്റേ ആള്‍ക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ആ രംഗത്തതില്‍ അഭിനയിച്ചതുകൊണ്ട് എന്റെ കുടുംബക്കാര്‍ മുഴുവന്‍ വൃത്തികെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥ. അതാണ് ഞാന്‍ പറഞ്ഞത്, വായുവില്‍ നോക്കിയല്ല ഉമ്മ വയ്ക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും നടി പറഞ്ഞു.