ദിന്‍ജിത് അയ്യത്താനം സംവിധാനം ചെയ്ത് ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തിയ കക്ഷിഃ അമ്മിണിപ്പിള്ളയിലെ കാന്തിയായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഫറ ഷിബ്ല. ബോഡി ഷെയ്മിങും മറ്റും നേരിടേണ്ടി വന്ന നടി സിനിമയ്ക്ക് വേണ്ടി 68 കിലോയില്‍ നിന്ന് 85 കിലോയാക്കിയതും അതിന് ശേഷം അതില്‍ 63 കിലോ ഭാരത്തിലേക്ക് തിരികെയെത്തിയതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്.
ബോഡി ഷെയിമിങ്ങിനെ കുറിച്ച് നിരവധി തവണ നടി പ്രതികരിച്ചിട്ടുണ്ട്. ചെറിയ രീതിയില്‍ പോലും ബോഡി ഷെയ്മിങ് അനുഭവിക്കാത്ത ഒരാള്‍ പോലും ഉണ്ടെന്ന് കരുതുന്നില്ല. ചെറുപ്പം മുതലേ ഒരാള്‍ അതിനെല്ലാം ഇരയായാണ് വളരുന്നത്. ബോഡി ഷെയ്മിങിനെ നോര്‍മലൈസ് ചെയ്യപ്പെട്ടുകഴിഞ്ഞു. പണ്ടൊന്നും അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. ഇപ്പോള്‍ പ്രതികരിക്കാറുണ്ടെന്നാണ് താരം പറയുന്നത്.
സത്യത്തില്‍ ചെറുപ്പകാലത്തൊന്നും സിനിമാ മോഹം മനസിലുണ്ടായിരുന്നില്ല. കോളജ് സമയം കഴിഞ്ഞുനില്‍ക്കുമ്പോള്‍ റിയാലിറ്റി ഷോയില്‍ ആങ്കറിങ് ചെയ്യാന്‍ തുടങ്ങി. ആ സമയത്ത് ആങ്കര്‍ ആവുന്നവരൊക്കെ സിനിമാ മോഹികളാണെന്നൊരു ചിന്ത പൊതു സമൂഹത്തിലുണ്ടായിരുന്നു. പത്ത് വര്‍ഷം മുന്‍പാണത്. ആ റിയാലിറ്റി ഷോയിലൂടെയാണ് എനിക്കും സിനിമയിലേക്ക് എത്താമല്ലോ എന്ന് ആഗ്രഹം തുടങ്ങിയത്. എനിക്കൊരു നടിയാകണം എന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. നടക്കുമോ എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ മനസില്‍ ഉറപ്പിച്ചിരുന്നു.
ചില സിനിമകളൊക്കെ കാണുമ്പോള്‍ ആ കഥാപാത്രം ചെയ്താല്‍ കൊള്ളാമായിരിക്കും എന്നൊക്കെ തോന്നിയിട്ടുണ്ട്. ബോളിവുഡിലേക്ക് വിദ്യാബാലന്‍ എത്തിയതും അവര്‍ സ്വന്തം നിലയില്‍ വളര്‍ന്നതുമൊക്കെ നമുക്കറിയാം. അത്തരത്തില്‍ സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്യാന്‍ എനിക്കിഷ്ടമാണ്. ഇന്നത്തെ സിനിമകളില്‍ ഒരു പരിധി വരെ എല്ലാത്തരം അഭിനേതാക്കളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇതുവരെ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി അടുത്തത് ചെയ്യണമെന്ന ആഗ്രഹമാണുള്ളതെന്നും ഫറ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സമൂഹത്തില്‍ ജെന്‍ഡര്‍ ഇന്‍ ഇക്വാലിറ്റി നിലനില്‍ക്കുന്നിടത്തോളം കാലം എല്ലാ മേഖലയിലും അത് പ്രതിഫലിക്കും. എല്ലാ കലാകാരന്മാരും ഉള്ളിന്റെയുള്ളില്‍ ഒരു വിപ്ലവകാരിയാണെന്നാണ് വ്യക്തിപരമായി ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാ രംഗത്ത് ഈ വേര്‍തിരിവ് വലിയ തരത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ചില വസ്ത്രമൊക്കെ ധരിച്ച് വരുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ കമന്റ്സ് വരും. പക്ഷേ ആ അവസ്ഥ പുരുഷന്മാര്‍ക്കില്ല. അത് സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ഒരു പരിധി വരെ അവസരങ്ങള്‍ കൂടുതല്‍ ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കി.
ഓരോ സമയത്തും സിനിമ കാണുമ്പോള്‍ നല്ല സംവിധായകരെ ശ്രദ്ധിക്കാറുണ്ട്. മിന്നല്‍ മുരളി കണ്ട ശേഷം ഞാന്‍ കടുത്ത ബേസിലേട്ടന്‍ ഫാനായി. അദ്ദേഹത്തിന്റെ കഥപറച്ചിലും മറ്റും വ്യത്യസ്തമാണ്. ഒരേ സമയം സിനിമാറ്റികും ഇമോഷണലുമാണ്. സംവിധായകരെക്കാളും എഴുത്തുകാരൊയണ് കൂടുതലായി ശ്രദ്ധിക്കാറുള്ളത്. ശ്യാം പുഷ്‌കറിന്റെയും മുഹ്സിന്‍ പരാരിയുടെയും അഷ്റഫ് ഹംസയുടെയുമൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ വളരെ ഇഷ്ടമാണ്. ദിലീഷ് പോത്തനെയും ഖാലിദിനെയും പോലുള്ളവരുടെ സൃഷ്ടികള്‍ ഒത്തിരി ഇഷ്ടമാണ്. മുന്‍പ് കണ്ടിട്ടില്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ ഇവരില്‍ നിന്നൊക്കെ കാണാന്‍ കഴിയുന്നുണ്ടെന്നും നടി പറഞ്ഞു.
അതേസമയം പിജി ചെയ്യുന്ന സമയത്തും ആങ്കറിങ് സമയത്തും സിനിമ കാര്യമായി ട്രൈ ചെയ്തിട്ടുണ്ട്. യാദൃശ്ചികമായാണ് കക്ഷി അമ്മിണിപ്പിള്ളയിലേക്ക് കാസ്റ്റിംഗ് കാള്‍ വിളിച്ചെത്തുന്നത്. തടിച്ച ശരീര പ്രകൃതമുള്ള നായികയെ ആയിരുന്നു അവര്‍ക്കാവശ്യം. അന്ന് ഞാന്‍ അത്യാവശ്യം തടിയൊക്കെയുള്ള കുട്ടിയായിരുന്നു. പക്ഷേ ഓഡിഷനു പോയപ്പോള്‍ എന്നെക്കാളും തടിയുള്ളവരെ കണ്ടപ്പോള്‍ എനിക്ക് കിട്ടില്ലെന്നാണ് വിചാരിച്ചത്. പക്ഷേ ഓഡിഷന് തന്നെ ചോദിച്ചു, തടി വെക്കാന്‍ പറ്റുമോന്ന്. ഒരു മാസം സമയവും തന്നു. അങ്ങനെയാണ് ആ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി പിന്നെയും തടി വയ്പ്പിക്കേണ്ടിവന്നു.
ചിത്രത്തില്‍ ഏറ്റവും പോസിറ്റിവ് വശം കാന്തി അവരുടെ ശരീരത്തെ കുറിച്ചോ പ്രകൃതത്തെ കുറിച്ചോ ഒന്നും ബോധവതിയല്ലെന്നതാണ്. (പക്ഷേ ഹെല്‍ത്തി ആകണം ശരീരത്തിന്റെ കാര്യത്തില്‍). ആ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. അതേസമയം പരമ്പരാഗത മുസ്ലീം കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാറി പോയ ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. അത് ശബരിമല വിഷയത്തിന്റെ കാര്യത്തില്‍ ആയാലും, ലൗ ജിഹാദിന്റെ കാര്യത്തില്‍ ആയാലുമെന്നും താരം പ്രതികരിച്ചിരുന്നു.