എപ്പോഴും സോഷ്യല്‍ മീഡിയയിലെ ട്രോളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ഗായത്രി സുരേഷ്. ട്രോളുകളാണ് കൂടുതലായും പ്രചരിക്കുന്നതെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് നടി. പറയാനുള്ളതെല്ലാം വെട്ടി തുറന്നു പറയുന്ന സ്വഭാവക്കാരിയാണ് ഗായത്രി. ഇപ്പോഴിതാ കൈരളി ടിവിയിലെ ജെബി ജങ്ഷനില്‍ അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ അഭിമുഖ പരിപാടിക്കിടെ ഗായത്രി നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. തന്റെ ആദ്യ പ്രണയം നടന്‍ പൃഥ്വിരാജാണെന്നാണ് നടി വെളിപ്പെടുത്തിയത്. എന്നാല്‍ ഒടുവില്‍ പ്രണയം തോന്നിയത് പ്രഭാസിനോടായിരുന്നുവെന്നും നടി പറഞ്ഞു.
അതേസമയം ജീവിതത്തില്‍ മുന്‍ കാമുകനെ ഇട്ട് പോന്നിട്ടുണ്ടെന്നും നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തേച്ചതില്‍ കുറ്റബോധമില്ല, ഇല്ലായിരുന്നെങ്കില്‍ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. മുന്‍ കാമുകനോട് താന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേരു സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നുവെന്നും നടി പറഞ്ഞു.
അതേസമയം ട്രോളുകളൊക്കെ ആദ്യ കാലങ്ങളില്‍ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും നടി മനസു തുറന്നു. എന്നാല്‍ ഇതൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാതെ ആയി. വീട്ടിലുള്ളവരുടെ കാര്യം ഇങ്ങനെയല്ലെന്നും താരം പറയുന്നു. പഴയ ആള്‍ക്കാരല്ലേ, അവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ പ്രയാസമാണ്. മറ്റ് ബന്ധുക്കളൊക്കെ വന്ന് വീട്ടിലുള്ളവരോട് പറയും എന്തിനാണ് ഗായത്രി ഇങ്ങനെ സംസാരിക്കുന്നത്, എന്തിനാണ് ഇത്തരം അഭിമുഖങ്ങള്‍ ഒക്കെ കൊടുക്കുന്നതെന്ന്.
ഇതൊന്നും അവര്‍ക്ക് അത്ര മനസ്സിലാകുന്ന കാര്യങ്ങളല്ല. അപ്പോള്‍ വീട്ടിലുള്ളവരായാലും പറയാറുണ്ട്, ഗായത്രി ഒന്ന് മിണ്ടാതിരിക്കൂ, സൂക്ഷിച്ച് സംസാരിക്കൂ എന്നൊക്കെ. അവര്‍ മിടുക്ക് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ നീയും മിടുക്ക് കാണിക്കൂ, എന്തിനാണ് താഴ്ന്നു കൊടുക്കുന്നത്. മുതലെടുക്കാന്‍ നിന്നു കൊടുക്കുന്നത് എന്തിനാണെന്നും വീട്ടിലുള്ളവര്‍ ചോദിക്കാറുണ്ടെന്നും ഗായത്രി പറയുന്നു.
എന്നാല്‍ സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗായത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്ക് ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം നമ്മുടെ പെരുമാറ്റം അനുസരിച്ചാണ് സംഭവിക്കുന്നത്. നമ്മള്‍ എങ്ങനെ ഇത്തരം സമീപനങ്ങളോട് പ്രതികരിക്കുന്നൂവെന്ന് അനുസരിച്ചേ ഇരിക്കൂ. ഒരു പക്ഷേ അത്തരം സമീപനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അവിടെ നോ എന്ന് പറയുകയാണ് വേണ്ടത്.
ഇതിപ്പോള്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം പ്രശ്നങ്ങളൊക്കെയുണ്ട്. സിനിമ ഏറെ ശ്രദ്ധിക്കപ്പെടുന്നതായതു കൊണ്ടാണ് ഇത്തരം വിഷയങ്ങള്‍ പുറത്തേക്ക് വരുന്നത്. സിനിമയില്‍ സ്ത്രീ സുരക്ഷ ഉണ്ടാകുമ്പോള്‍ അതൊരു ധൈര്യം തന്നെയാണ്. നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമല്ലോ, അപ്പോള്‍ ഇത്തരത്തില്‍ മോശമായി ഇടപെടാന്‍ വരുന്ന ആളുകള്‍ക്കും ഒരു പേടിയുണ്ടാകും. എനിക്ക് ഇതുവരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജമ്നപ്യാരി എന്ന ചിത്രത്തില്‍ നായികയായാണ് ഗായത്രി വെള്ളിത്തിരയില്‍ എത്തുന്നത്. അതിനു ശേഷം ടൊവിനോ ചിത്രം ഒരു മെക്സിക്കന്‍ അപാരതയിലും താരം ശ്രദ്ധേയമായ വേഷം ചെയ്തു. എന്നാല്‍ പിന്നീടങ്ങോട്ട് അത്ര മികച്ച വേഷങ്ങളോ കഥയോ താരത്തിനെ തേടിയെത്തിയില്ല. ഇതിനു ട്രോളുകള്‍ കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗായത്രി ഒരുപക്ഷേ ഉണ്ടായിരിക്കാം എന്നാണ് മറുപടി നല്‍കിയത്. ഇവരെ സിനിമയിലേക്ക് വിളിച്ചാല്‍ അത് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചേക്കാം എന്നൊരു തോന്നല്‍ അവര്‍ക്കും ഉണ്ടായിട്ടുണ്ടാവാം. പക്ഷേ ഇതൊന്നും എന്റെ അറിവില്‍ ഇല്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.