മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രശ്മി സോമന്‍. അറുപതിലധികം സീരിയലുകളില്‍ നിറഞ്ഞുനിന്ന രശ്മി വിവാഹശേഷം ദുബായിലേക്ക് പോയപ്പോള്‍ മുതല്‍ മലയാളിപ്രേക്ഷകര്‍ ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു. അങ്ങനെ മഴവില്‍മനോരമയിലൂടെ രശ്മി തിരിച്ചു വന്നു. കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെയാണ് താരം തിരിച്ചെത്തിയത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. പലരും പലവിധത്തില്‍ നിങ്ങളെ തകര്‍ക്കാനായി നെഗറ്റീവ് കാര്യങ്ങള്‍ പറയുമെന്നും എന്നാല്‍ ഇതിനെ എല്ലാം ധൈര്യ സമേതം നേരിടണമെന്നുമാണ് താരം പറഞ്ഞത്.
‘എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ, ചിലരുണ്ട്. പിറകെ നടന്ന് പറഞ്ഞു കൊണ്ടിരിക്കും. മുടി പോയി, കുരുവന്നു, കണ്ണിനു താഴെ കറുപ്പു നിറം വന്നു. മനുഷ്യരായാല്‍ ഇങ്ങനെ മുടി കൊഴിയുകയും കുരുവരികയും എല്ലാം ചെയ്യും. നമ്മളില്‍ വരുന്ന മാറ്റങ്ങള്‍ നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ കേള്‍ക്കുന്നത് ഒരു സാധാരണ വ്യക്തിയാണെങ്കില്‍ അവരുടെ ആത്മവിശ്വാസം തകര്‍ന്നു പോകും എന്നുറപ്പാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ നമ്മള്‍ നമ്മളെ തന്നെ സ്‌നേഹിക്കുകയാണ് വേണ്ടതെന്നും നടി പറഞ്ഞു.
എന്റെ സുഹൃത്തായിരുന്ന ഒരാള്‍ പലസമയത്ത് ഇങ്ങനെ തടിയെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്ത് എന്ന നിലയിലായതിനാല്‍ ഞാന്‍ മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്ന ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു. പക്ഷേ, എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. എന്നാല്‍ കേട്ടു നിന്നവര്‍ മാന്യന്മാരായിരുന്നു. ചിലരുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നതെന്നായിരുന്നു അവരുടെ മുഖഭാവം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാന്‍ സത്യത്തില്‍ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായെന്നും രശ്മി പറഞ്ഞു.
ഞാന്‍ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാല്‍ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും നമ്മളില്‍ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം തളര്‍ത്താനാണ് ഇത് ചെയ്യുന്നതെന്നു നമുക്കറിയാം. ഈ സംഭവത്തോടെ ഞാന്‍ ഈ സുഹൃത്തിനെ ഒഴിവാക്കി. പല പ്രായത്തിലുള്ളവര്‍ ഇത്തരം ബോഡി ഷെയ്മിങ് അനുഭവിക്കുന്നുണ്ടാകും.
എന്നാല്‍ ഇത്തരം ബോഡിഷെയ്മിങ് അനുഭവിക്കന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ. നമ്മള്‍ നമ്മളെ സ്‌നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമുക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയുന്നത്ര മറ്റാര്‍ക്കും നമ്മളെ സ്‌നേഹിക്കാന്‍ കഴിയില്ല. പലരീതിയിലും ബോഡിഷെയ്മിങ് നടത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാകുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കണം. സ്വയം സ്‌നേഹിക്കുന്നതിനെ സ്വാര്‍ഥത എന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ അല്ല. സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂവെന്നും താരം പറയുന്നു.
രശ്മി ബോഡി ഷെയ്മിങ്ങിനെതിരെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയോട് പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയുടെ താഴെ വന്ന ഒരാളുടെ കമന്റ് രശ്മി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘ഞാന്‍ എന്റെ മോളെ പറയാറുണ്ട്, തടി കുറവാണ് എന്ന്, ഇനി പറയില്ല,’ ഇതാണ് ആ കമന്റ്. ‘ഒരാള്‍ക്കെങ്കിലും ഒരു മാറ്റം വന്നല്ലോ. വളരെ സന്തോഷംമെന്നാണ് രശ്മി തന്റെ പോസ്റ്റില്‍ എഴുതിയത്.