ഷില്‍നയുടെയും സുധാകരന്‍ മാഷിന്റെയും ജീവിതം… മാഷിന്റെ മരണ ശേഷം ഷില്‍ന കൈക്കൊണ്ട തീരുമാനം. അത് മറ്റൊരാള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു. ഇന്നത്തെ സ്വാര്‍ത്ഥതയുടെ ലോകത്ത് മരിച്ചിട്ടും മരിക്കാതെ നില്‍ക്കുന്ന ആ പ്രണയഗാഥ ഹൃദ്യമായ കുറിപ്പിലൂടെ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
സുധാകരന്‍ മാഷിന്റെ ഓര്‍മ്മദിനത്തില്‍ സുനില്‍ കുമാര്‍ കാവിന്‍ചിറയാണ് വരികളിലൂടെ ആ പ്രണയകഥ പറഞ്ഞത്. ചില ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്… അങ്ങനെ നോക്കുമ്പോള്‍ ഷില്‍ന നന്‍മയുടെ ചരിത്രമാണെന്നാണ് സുനില്‍കുമാര്‍ കുറിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ, സുധാകരന്‍ മാഷിന്റെ ഓര്‍മ്മ ദിനമാണിന്ന്… ഒന്‍പതാം_ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥി കെ വി സുധാകരന്റെ കവിത, ഷില്‍ന വായിക്കുന്നത്.
ആ കവിതയുടെ സൃഷ്ടാവിനോട് ആരാധന തോന്നിയ അവള്‍, ഒരു നാലുവരി കത്തെഴുതി കോളേജിലെ വിലാസത്തില്‍ അയാള്‍ക്കയച്ചു. പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അയാളുടെ മറുപടിക്കത്തവള്‍ക്ക് കിട്ടി. കത്തുകളിലൂടെ അവര്‍ കൂടുതല്‍ അടുത്തു. ഒരുനാള്‍ അവള്‍ അയാളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. ഒരിക്കല്‍പ്പോലും നേരില്‍ കാണാതെ. അയാളവളെ പിന്‍തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. ഒടുവില്‍ പരിചയപ്പെട്ട് ആറ് കൊല്ലങ്ങള്‍ക്ക് ശേഷം കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വച്ച് അവരാദ്യമായി തമ്മില്‍ക്കണ്ടു.
തന്റെ_പൊക്കമില്ലായ്മയും, കഷണ്ടിയും, ദാരിദ്ര്യവും പറഞ്ഞ് അയാളവളെ പിന്‍തിരിപ്പിക്കാന്‍ നോക്കിയെങ്കിലും അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അവളയാള്‍ക്കൊരു സമ്മാനം നല്‍കി… തന്റെ_ഫ്രെയിം ചെയ്ത ഒരു ഫോട്ടോ, അത് വാങ്ങിനോക്കിയിട്ട് തിരികെ കൊടുത്തിട്ടയാള്‍ പറഞ്ഞു….”ചോര്‍ന്നൊലിക്കുന്ന, ചാണകം മെഴുകിയ രണ്ട് മുറികളുള്ള എന്റെ വീട്ടില്‍ ഇത്രയും നല്ലൊരു ഫോട്ടോ വയ്ക്കേണ്ടത് എവിടെയെന്നെനിക്ക് അറിയില്ല…! ആ കൂടിക്കാഴ്ചയ്ക്ക്,
ഒരു കൊല്ലത്തിനപ്പുറം അവര്‍ വിവാഹിതരായി. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. സുധാകരന്റെ സ്വഭാവത്തിന് മുന്നില്‍, അയാളുടെ ദാരിദ്ര്യം ഷില്‍നയുടെ വീട്ടുകാര്‍ക്കൊരു തടസ്സമായില്ല.
ഒരദ്ഭുതം പോലെ ഒരേദിവസം തന്നെ സുധാകരന് ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായും, ഷില്‍നയ്ക്ക് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥയായും ജോലി കിട്ടി. പിന്നീട്, അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളം അദ്ധ്യാപകനായി. ജീവിതം,സന്തോഷമായി മുന്നോട്ടു പോയെങ്കിലും, ഒരു കുഞ്ഞില്ലാത്ത ദു:ഖം അവരെ അലട്ടി. കോഴിക്കോട് എആര്‍എംസിയിലെ ഡോക്ടര്‍ കുഞ്ഞുമൊയ്തീന്റെ കീഴില്‍ അവര്‍ വന്ധ്യതാ ചികിത്സ തുടങ്ങി. രണ്ട് തവണ ഐവിഎഫ് ചെയ്തെങ്കിലും പരാജയപ്പെട്ടു. ചികിത്സയുടെ ഭാഗമായി സുധാകരന്‍ മാഷിന്റെ ബീജം ആശുപത്രിയില്‍ എടുത്ത് സൂക്ഷിച്ചിരുന്നു. 2017 ഓഗസ്റ്റ് -18 ന്, വീണ്ടും ഐവിഎഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെ, തലേന്ന് ഒരു ലോറിയിടിച്ച് സുധാകരന്‍ മാഷ് മരണപ്പെട്ടു.
”എനിക്കൊന്നുമില്ലായിരുന്നു ബാക്കി. കുറച്ച് പുസ്തകങ്ങള്‍, കുറെ കവിതകള്‍, കത്തുകള്‍.. ‘ഞാനാ ശരീരം നോക്കിയിരുന്നു.കൊണ്ടുപോവാന്‍ നേരമായി… അവസാനത്തെ ‘ഉമ്മ’…. ആ,നിമിഷം,എനിക്കു തോന്നി,”എനിക്കു,മാഷിന്റെ ഒരു കുട്ടിയെ വേണം… അടുത്ത ദിവസം ഞാന്‍ അനിയനോട് പറഞ്ഞു. ”എനിക്ക്,ചികിത്സ തുടരണമെന്നുണ്ട്,അവന്‍ തലയാട്ടി. ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം. ”അച്ഛനും അമ്മയും സമ്മതിക്കുമോ? എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തില്‍ ഇനിയും ഒരു ജീവിതംതുടങ്ങിക്കൂടേ എന്ന് അവര്‍ ആലോചിച്ചാലോ?
”പക്ഷേ അച്ഛന്‍… അച്ഛന്‍ ഒരു വാക്ക് മറുത്തു പറഞ്ഞില്ല.എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം… അങ്ങനെ,ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഭര്‍ത്താവിന്റെ ബീ ജം സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഷില്‍ന ഗര്‍ഭിണിയായി. അവളങ്ങനെ,ഇരട്ടക്കുട്ടികള്‍ക്ക് ജന്‍മമേകി, ഇരട്ടപ്പെണ്‍കുട്ടികള്‍. ‘നിമയും…’നിയയും..
ഷില്‍ന, പറയുന്ന ഈ ജീവിതത്തിനപ്പുറം, ഒരു കവിതയില്ല… കണ്ണീരണിഞ്ഞ ഒരു കഥയുമില്ല… മുഖപുസ്തകത്തിലെ,
മറ്റേത് ചിത്രത്തിനെക്കാളും, മറ്റേത് സുഹൃത്തുകളെകാളും എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ചിത്രമാണ് ഈ അമ്മയുടെയും മാലാഖ കുഞ്ഞുങ്ങളുടെയും. ചില,ജന്‍മങ്ങള്‍ക്ക് ചില നിയോഗങ്ങളുണ്ട്… ഷില്‍ന…അങ്ങ് നന്‍മയുടെ ചരിത്രമാണ്… സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, തീരാത്ത പ്രണയത്തിന്റെ ചരിത്രം…..ആ നല്ല മാഷിന്റെ,
സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം….സുധാകരന്‍ മാഷിന്റെ ഓര്‍മ്മദിനത്തില്‍ സുനില്‍ കുമാര്‍ കാവിന്‍ചിറയുടെ വരികള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ വായിച്ചവസാനിപ്പിയ്ക്കാനാകില്ല ആര്‍ക്കും. അത്തരത്തില്‍ ഒരു പ്രണയകഥ, അദ്ദേഹം പറഞ്ഞത് പോലെ ഇതിനപ്പുറം ഒരു കവിതയില്ല.