സിനിമാ താരങ്ങളുടെ മക്കള്‍ സിനിമാ താരങ്ങളായി മാറുന്നതില്‍ ഇപ്പോള്‍ വലിയ അത്ഭുതമൊന്നുമല്ല, അങ്ങനെ വന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. താര രാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മക്കളായ പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല, സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ജയറാമിന്റെ മകന്‍ കാളിദാസും അങ്ങനങ്ങനെ നീളുന്നു ഈ നിര. നിലവിലെ പുതുമുഖ താരങ്ങളുടെ കണക്കെടുത്താന്‍ അവരില്‍ ഏറെയും സിനിമാ ബന്ധമുള്ളവര്‍ തന്നെയാണ്. അല്ലാത്തവര്‍ ചുരുക്കം.
സിനിമയ്‌ക്കൊപ്പം, ഒരു പക്ഷേ, സിനിമയെക്കാള്‍ ഏറെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന മേഖലയാണ് സീരിയല്‍ രംഗം. വീട്ടമ്മമാരായ പ്രേക്ഷകരാണ് സീരിയലുകള്‍ക്ക് കൂടുതല്‍ എന്നതുകൊണ്ടു തന്നെ അവര്‍ക്കും ഒരു അടുപ്പം ഉണ്ടാകും. അതുകൊണ്ടു തന്നെ സിനിമ വിട്ട് സീരിയലുകളിലേയ്ക്ക് ചേക്കേറിയവരും കുറവല്ല. എന്നാല്‍, എത്ര പേര്‍ക്ക് അറിയുമെന്ന് വ്യക്തമല്ല, നടന്‍ സായി കുമാറിന്റെ മകള്‍ വൈഷ്ണവിയും കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി അഭിനയത്തില്‍ സജീവമായി തുടരുകയാണ്. അച്ഛന്‍ സായി കുമാറിന്റെയും മുത്തച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും പാതയിലൂടെ അഭിനേത്രിയായി മാറിയെങ്കിലും ടെലിവിഷന്‍ സീരിയലുകളിലാണ് വൈഷ്ണവി സജീവമായത്.
സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുര്‍ഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രൊജക്ടിനെ കുറിച്ച് മനസ് തുറക്കുകയാണ് വൈഷ്ണവി.
എനിക്ക് പണ്ടേ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷേ അച്ഛന് താല്‍പര്യമില്ലായിരുന്നു. പഠിത്തം കഴിഞ്ഞിട്ട് നോക്കാം എന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത്. എല്ലാ കാലത്തും അഭിനയവുമായി മുന്നോട്ട് പോവാന്‍ പറ്റില്ലെന്നാണ് അന്ന് അച്ഛന്‍ പറഞ്ഞത്. സിനിമാ ലൊക്കേഷനില്‍ എന്നെ അച്ഛന്‍ അധികം കൊണ്ട് പോവാറില്ലായിരുന്നു. മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയെങ്കിലും പെട്ടെന്ന് തന്നെ തിരിച്ച് വന്നിരുന്നു.
അച്ഛന്റെ അടുത്ത് നിന്ന് അഭിനയത്തെ കുറിച്ചൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ നേരിട്ട് അനുഭവിക്കുമ്പോള്‍ വ്യത്യസ്തമായി തോന്നുണ്ട്. അഭിനയിക്കാനുള്ള ഓഫറുകളൊക്കെ തനിക്ക് വന്നിരുന്നു. ദിലീപ് അങ്കിളൊക്കെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ, അന്നൊന്നും അച്ഛന്‍ സമ്മതം മൂളിയിരുന്നില്ല. ഇനി സിനിമയിലേക്ക് നല്ല ഓഫര്‍ വന്നാല്‍ അത് ചെയ്തിരിക്കുമെന്നാണ് വൈഷ്ണവി ഉറപ്പിച്ച് പറയുന്നത്.നായിക തന്നെ വേണമെന്ന വാശിയൊന്നുമില്ല. ഒരു സീനേ ഉള്ളു എങ്കില്‍ പോലും അത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
നടി സീമ ജി നായരിലൂടെ ആണ് കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് വന്നത്. അഭിനയിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. അതുകൊണ്ട് വീട്ടില്‍ പോവുന്നത് കുറവാണ്. സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് അര മണിക്കൂറില്‍ നിന്നും ഒരു മണിക്കൂറോളം ആക്കി. അതിന്റെ തിരക്കുകളാണിപ്പോള്‍. ആദ്യ ഓഫറില്‍ തന്നെ വളരെയധികം പ്രായം കൂടിയ കഥാപാത്രം കിട്ടിയപ്പോള്‍ ഒരു വിഷമം പോലെ തോന്നിയിരുന്നു. പിന്നെ അച്ഛനും അപ്പൂപ്പനെയുമൊക്കെ ഓര്‍മ്മ വന്നു. തന്റെ പിതാവ് മമ്മൂട്ടിയുടെയൊക്കെ അച്ഛനായി അഭിനയിച്ചതൊക്കെ ഓര്‍ത്തപ്പോള്‍ പിന്നെ തനിക്കും എന്ത് കൊണ്ട് ആയിക്കൂടാ എന്ന് ചിന്തിച്ചുവെന്നും വൈഷ്ണവി പറയുന്നു.