ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഗെയിം ഷോയില്‍ നിന്നും ഒരാള്‍ പുറത്തായി. മോഡലും നടിയുമായി ജാനകി സുധീറാണ് പുഫത്തായത്. പെട്ടന്നുള്ള പുറത്താക്കല്‍ ജാനകിക്കും ആരാധകര്‍ക്കും ഷോക്കായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ബിഗ് ബോസ് മത്സരത്തില്‍ നിന്നും പുറത്തായ ശേഷം ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
ജാനകി സുധീറിന്റെ വാക്കുകള്‍, ‘സിനിമ, അഭിനയം എന്നിവ സ്‌കൂള്‍ കാലത്താണ് മനസില്‍ കേറിയത്. ഈ മേഖലയിലുള്ളവരെ കാണുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്ന ആരാധനയും സ്‌നേഹവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് നടിയാണ് അഭിനയിക്കണം എന്ന ചിന്ത വരുന്നത്. പക്ഷെ അന്ന് അതിലേക്ക് എങ്ങനെ എത്തിപ്പെടും എന്നൊന്നും അറിയില്ലായിരുന്നു. വെഞ്ഞാറമൂടാണ് എന്റെ വീട്. അച്ഛന്‍ നല്ല മദ്യപാനിയായിരുന്നു. അതിനാല്‍ എന്റെ പഠനകാലത്ത് അച്ഛന്‍ നിരന്തരം കുടിച്ചിട്ട് വന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. പ്ലസ് ടു വരെ ഒരു പരീക്ഷ പോലും ഞാന്‍ പഠിച്ച് എഴുതിയിട്ടില്ല. അതിനാല്‍ തന്നെ പഠനത്തില്‍ ശോഭിക്കുമെന്നോ അതിലൂടെ ജോലി സമ്ബാദിച്ച് ഉയരങ്ങളില്‍ എത്തുമെന്നോ ഉള്ള വിശ്വാസം എനിക്കുണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ ശേഷം ഞാന്‍ മനസിലാക്കി കൊച്ചിയില്‍ പഠിക്കാന്‍ പോയാല്‍ മോഡലിങ് രംഗത്ത് ശോഭിക്കാനാവുമെന്ന്. അങ്ങനെയാണ് അമ്മയുടെ സമ്മതത്തോടെ കൊച്ചിയില്‍ എത്തുന്നത്.’
‘അവിടെ വെച്ച് ഇവന്റുകള്‍ ചെയ്യാനും മോഡലിങ് ചെയ്യാനും ചെറിയ അവസരങ്ങള്‍ ലഭിച്ചു. ആദ്യം ബ്രേക്ക് നല്‍കിയത് ചങ്ക്‌സ് എന്നുള്ള സിനിമയായിരുന്നു. ചങ്ക്‌സിന് ശേഷമാണ് ഒരു ഫോട്ടോഷൂട്ട് നടത്താമെന്ന് ഞാന്‍ തീരുമാനിച്ചത്. ശരീരമൊക്കെ അപ്പോഴേക്കും ഫിറ്റായിരുന്നു. ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ എന്തുകൊണ്ട് വ്യത്യസ്തത ചിന്തിച്ചുകൂട എന്ന ചിന്തയില്‍ നിന്നാണ് ബിക്കിനി ഫോട്ടോഷൂട്ട് എന്ന ആശയം വരുന്നത്. ആ ഫോട്ടോഷൂട്ട് ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് വൈറലായി. ശേഷം അത്തരത്തില്‍ നിരവധി വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. പക്ഷെ അതേസമയം തന്നെ വരുന്നതെല്ലാം ഓരേ പാറ്റേണിലുള്ള കഥാപാത്രമായതോടെയാണ് ആളുകള്‍ക്ക് എന്നെ കൂടുതല്‍ പരിചയപ്പെടുത്തണമെന്ന ചിന്തയോടെ ബിഗ് ബോസിലേക്ക് ശ്രമിച്ചത്.
‘മുമ്പും ഞാന്‍ ഓഡീഷന് പോയിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. നാലാം സീസണില്‍ വിളി വന്നപ്പോള്‍ ഒന്നുകൂടി ഭാഗ്യ പരീക്ഷണം നടത്തിയതാണ്. ഒരാഴ്ചയെ നില്‍ക്കാന്‍ സാധിച്ചുള്ളൂവെങ്കില്‍പോലും ഞാന്‍ പ്രതീക്ഷിച്ച റീച്ച് എത്തിപ്പിടിക്കാന്‍ സാധിച്ചു. വീടിന് പുറത്തായപ്പോള്‍ സങ്കടം തോന്നിയിരുന്നില്ല. പിന്നെ വീട്ടില്‍ വന്ന ശേഷം സോഷ്യല്‍മീഡിയയിലും മറ്റും എന്നെ സ്‌നേഹിക്കുന്നവര്‍ കുറിപ്പുകളൊക്കെ പങ്കുവെച്ച് കണ്ടപ്പോഴാണ് വിഷമമായത്. പക്ഷെ ഇപ്പോള്‍ നഷ്ടം തോന്നുന്നില്ല. ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമായി ആളുകളിലേക്ക് എനിക്ക് എത്താന്‍ സാധിച്ചു. നല്ല കഥാപാത്രങ്ങളും സിനിമകളും ലഭിക്കണമെന്നാണ് ഇപ്പോള്‍ എന്റെ ആഗ്രഹം’.