മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സജീവമായിരിക്കുകയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ചുംബന രംഗങ്ങളിൽ അഭിനയിക്കാനും ഗ്ലാമർ പ്രകടനങ്ങൾ നടത്താനും തനിക്ക് താത്പര്യമില്ലെന്ന് നടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നേരത്തെ ഫെയർനസ് ക്രീമിന്റെ പരസ്യവും സായ് പല്ലവി നിരസിച്ചിരുന്നു. കോടികൾ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം നിഷേധിക്കുകയായിരുന്നു.
താരത്തിന്റെ ശ്യാം സിൻഹ റോയി എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സ്വന്തം പടം തിയേറ്ററിൽ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞ് തിയേറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
പർദ്ദയിലെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാൽ തന്നെ പടം ആസ്വദിച്ച് കണ്ട് മടങ്ങുകയായിരുന്നു താരം. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സാക്രിത്ര്യനും സായ് പല്ലവിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ താരം ക്യാമറകൾക്കായി പോസ് ചെയ്തു. നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ 24-ാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.