യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് നടത്തുകയാണ് അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് ഈ സഹോദരിമാർ. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് സീസൺ രണ്ടിലും താരം പങ്കെടുത്തിരുന്നു. അതിലൂടെ ധരാളം ആരാധകരെയും വിമർശകരെയും ലഭിച്ചു.
അഭിരാമി അതിഥിയായി പങ്കെടുത്ത ഒരു പരിപാടിയിൽ നടന്ന ചില സംഭവങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എറണാകുളം ലോ കോളജ് വിദ്യാർഥികളുടെ ആരംഭ എന്ന പരിപാടിയിൽ നടന്ന ചില സംഭവങ്ങളുടെ വീഡിയോ അഭിരാമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
എറണാകുളം ലോ കോളജിലെ സീനിയർ വിദ്യാർഥികൾ നവാഗതരായ വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കിയ ആരംഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അഭിരാമിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികൾ കൂവിയപ്പോൾ എല്ലാവരും ഒന്നിച്ച് കൂടുതൽ ഉച്ചത്തിൽ കൂവാൻ ആവശ്യപ്പെട്ടു. ന്യൂജെൻ കൈയ്യടിയായിട്ടാണ് കൂവലുകളെ താൻ കാണുന്നതെന്ന് അഭിരാമി പറഞ്ഞു. എന്നാൽ വിദ്യാർഥികളിൽ ചിലരുടെ മുഖം കാണുമ്പോൾ പ്രോത്സാഹിപ്പിച്ച് കൊണ്ട് കൂവന്നതായിട്ടല്ല തോന്നിയതെന്നും ചെറുചിരിയോടെ പ്രസംഗത്തിനിടെ അഭിരാമി പറഞ്ഞു.