കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നു ഒരു പഴമാണ് റംബൂട്ടാൻ. മുന്തിരി, ലിച്ചി പഴങ്ങളോടു സാദൃശ്യമുള്ള പഴമാണിത്. പുറംതോടിനോടു ചേർന്നു നാരുകൾ കാണപ്പെടുന്ന പഴമാണ് റംബൂട്ടാൻ. പാതയോരങ്ങളിൽ യാത്രക്കാരെ കൊതിയിൽ വീഴ‌്ത്തി റംബൂട്ടാൻ കച്ചവടം പൊടിപൊടിക്കുന്നു.
വിളവെടുപ്പു കാലമായതോടെ കുട്ട നിറയെ പഴങ്ങളുമായി കച്ചവടക്കാർ പാതകളിൽ നിറഞ്ഞുകഴിഞ്ഞു. ഔഷധഗുണങ്ങൾ നിരവധിയുള്ള റംബൂട്ടാന‌് മലയാളികൾക്കിടയിൽ വിഐപി പരിഗണനയാണുള്ളത‌്. വിലയിലും അങ്ങനെ തന്നെ. പാകമായതിന‌് ഒരു കിലോക്ക‌് 200 രൂപ വരെ നൽകണം. രണ്ടാംതരം 140, ലോക്കൽ 120 രൂപ എന്നിങ്ങനെയാണ‌് വിൽപ്പന നടത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. പത്തനംതിട്ട കോന്നിയിൽനിന്ന‌് എത്തിച്ച പഴങ്ങളാണ് കൂടുതലും.
റംബൂട്ടാനിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമെന്ന പ്രത്യേകതയുമുണ്ട്. നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സിയുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും.
കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാൻ പഴം പച്ചയ്ക്ക് കഴിക്കുന്നത് തന്നെയാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.
വിരകളെ നശിപ്പിച്ച് അനീമിയ തടയുന്നതിനാലും പഴത്തിന് ആവശ്യക്കാർ ഏറെയാണ്. വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലെ കാലാവസ്ഥയും കൃഷിക്ക‌് അനുകൂലമാണ്. പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായി കൃഷിയിറക്കുന്നുണ്ട്. മഞ്ഞ, ചുമപ്പ്, ഓറഞ്ച് നിറങ്ങളിൽപ്പെട്ട റംബൂട്ടാനാണ് പ്രധാനമായും വിപണിയിലെത്തുന്നത‌്. കുരു മുളപ്പിച്ചും ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങിയും കൃഷി ചെയ്യാമെന്ന് കച്ചവടക്കാർ പറയുന്നു. നാട്ടിൽ വിളയുന്ന പഴത്തിന് താരതമ്യേന വലിപ്പം കുറവാണ്. ഇതിൽ ആൺമരവും പെൺ മരവുമുണ്ട്. പെൺമരങ്ങളാണ് കൃഷിക്കായി വാങ്ങുന്നത്.