വാസ്തു ശാസ്ത്രത്തിന്റെ പ്രധാന ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തിൽ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങൾ വീട്ടിൽ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ നിയമങ്ങൾ തയ്യാറാക്കിയിരിക്കുന്നത് . എല്ലാ മുറികളും വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വർഗ നിയമം അനുസരിച്ച് വേണം തയ്യാറാക്കാൻ . ആധുനിക ശാസ്ത്രത്തിൽ ഇല്ലാത്തതും , വാസ്തുവിൽ ഉള്ളതുമായ ഒരേ ഒരു കാര്യം ആയാദി ഷഡ് വർഗമാണ്. പ്രധാന വാതിലിന്റെ നേരെ മുൻപിലായി മരമോ തൂണ് കളോ ഒന്നും വരരുത്. അത് വേധം ആയി വരും. പ്രത്യേകിച്ച് മാവ് വരരുത്. മരണം, സന്താന നാശം, ബന്ധനം എന്നിവ ഫലം. ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്ത്, വടക്ക് ഭാഗത്തും ആകാം.
യഥാർത്ഥത്തിൽ നാം നമ്മുടെ ജീവിതത്തിന്റെ മൂന്നിൽ ഒരു ഭാഗം സമയം ഉറങ്ങാനായ് എടുക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പ് മുറിക്ക് ഉണ്ടാകുന്ന വാസ്തു ദോഷം നമ്മളെ ബാധിക്കും എന്നതിൽ തർക്കം ഇല്ല. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം. ഒരിക്കലും തല വടക്ക് വച്ച് കിടക്കരുത്. തല തെക്ക് വച്ച് വേണം കിടക്കാൻ . അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലും ദമ്പതിമാർ കിടക്കരുത്. എന്നും കലഹം ആയിരിക്കും ഫലം. കിടപ്പ് മുറിയിൽ വിലപിടിച്ച സാധനങ്ങൾ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് തുറക്കത്തക്ക തരത്തിൽ വേണം വയ്ക്കുവാൻ .
വീടിന്റെ തെക്ക് കിഴക്ക് ഭാഗം ആണ് അടുക്കളക്ക് ഉചിതം. ഏക യോനിയോ ഗജ യോനിയോ ആവാം. കിഴക്ക് ഭാഗത്ത് ജനൽ ഉണ്ടാവണം. വാതിൽ കോണുകളിൽ വരരുത്. ഫ്രിഡ്ജ് വടക്ക് കിഴക്കും, തെക്ക് പടിഞ്ഞാറും ആവരുത്. പാചകം കിഴക്ക് നോക്കി ചെയ്യുവാൻ പറ്റണം. സ്ഥലം കൂടുതൽ ഉള്ളവർക്ക് അടുക്കള വേറിട്ടു പണിയാം. അങ്ങനെ ചെയ്യുമ്പോൾ വീടും അടുക്കളയും തമ്മിലുള്ള ദൂരം, ചുറ്റുമതിലും അടുക്കളയും തമ്മിലുള്ള ദൂരത്തേക്കാൾ കുറവായിരിക്കണം.
പൂജാമുറി – പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ, ബ്രഹ്മ സ്ഥാനത്തോ, വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും. ദേവൻ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മൾ തൊഴാൻ . ദേവന്റെ വടക്ക് ദർശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നൽകും. മരിച്ചു പോയവരുടെ പടം പൂജാമുറിയിൽ വയ്ക്കരുത്. പൂജാ സാധങ്ങൾ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയിൽ വിഗ്രഹങ്ങൾ വച്ച് പൂജിക്കരുത്. വീട്ടിൽ രണ്ടു ശിവ ലിംഗങ്ങൾ , മൂന്നു ഗണപതി, രണ്ടു ശങ്കുകൾ ,മൂന്നു ദേവി പ്രതിമകൾ ,രണ്ടു സാളഗ്രാമങ്ങൾ എന്നിവ ഒരുമിച്ചു പൂജിക്കരുത്.