മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസില്‍ നിന്നും മാറി വീണ്ടും തിയേറ്ററിലേക്ക് എത്തുകയാണ്. സിനിമ തിയേറ്ററില്‍ എത്തുന്നത് ഒരു സ്ത്രീയുടെ വിജയമാണെന്ന് സഹ നിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയ്. സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണ് ചിത്രം ഒടിടിയില്‍ നിന്നും തിയേറ്റില്‍ എത്തിയതെന്നും റോയ് ഫേസ്ബുക്കില്‍ കുറിച്ചു.
സി.ജെ റോയിയുടെ വാക്കുകള്‍:’ശുഭ വാര്‍ത്ത! 2 ഡിസംബര്‍ 2021 മരക്കാര്‍ തിയറ്ററില്‍ എത്തുകയാണ്. ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ ഷോ കണ്ടതിനുശേഷം സുചി ചേച്ചി(സുചിത്ര മോഹന്‍ലാല്‍) മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു.
സുചി ചേച്ചിയുടെ നിര്‍ബന്ധം കാരണമാണ് ചിത്രം തിയറ്ററിലെത്തുന്നത്. ലാലേട്ടന്‍, ആന്റണിജി, പ്രിയദര്‍ശന്‍ ജി, മരക്കാറിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും എക്സിബിറ്റേഴ്‌സ് അസോസിയേഷനുകള്‍ക്കും കേരള സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത്.’