ഒരുപാട് നല്ല സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് പ്രേംകുമാർ. നർമ്മം നിറഞ്ഞ അഭിനയത്തിലൂടെ പ്രേംകുമാർ മലയാളികളെ ഒന്നടങ്കം കയ്യിൽ എടുത്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ മകളുടെ ജന്മദിനത്തോടനുബന്ധിച്ച് താരം ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
ആഡംബരങ്ങൾ ഒന്നും ഇല്ലാതെ ഒരു ആഘോഷവും ഇല്ലാതെയാണ് മകളുടെ പിറന്നാൾ ആഘോഷം നടത്തിയതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. അതിനൊരു കാരണവും പ്രേംകുമാർ പങ്കുവയ്ക്കുന്നു.താരത്തിന് വലിയ മനസ്സിന് ആരാധകർ കയ്യടികൾ നൽകുകയാണ്. നിരവധിപേരാണ് മകൾക്ക് ആശംസകളുമായി എത്തിയത്.
കുറിപ്പ് വായിക്കാം:
തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ… ചേരികളിലും അതിനെക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ… ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ… ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ… പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങൾ… ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ… പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ – പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങൾ… ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് – അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് – പതിവുപോലെ ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്… പ്രേംകുമാർ – ജിഷാപ്രേം.