നെടുമുടി വേണു കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിൻറെ മരണത്തെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ആദരാഞ്ജലി നേരുകയും വീട്ടിലെത്തി തങ്ങളെ ആശ്വസിപ്പിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്ത ഏവർക്കും സ്നേഹവും കൃതജ്ഞതയും അർപ്പിച്ചുകൊണ്ട് നെടുമുടി വേണുവിൻറെ ഭാര്യ ടി.ആർ സുശീല എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
കുറിപ്പിങ്ങനെ, എൻറെ ശശിച്ചേട്ടൻറെ (നെടുമുടി വേണു) വേർപാടിൽ പങ്കുചേർന്ന് ഞങ്ങളെ ആശ്വസിപ്പിച്ച നാട്ടുകാർ, കലാരംഗത്തെ സഹപ്രവർത്തകർ, സ്നേഹിതർ, സമുചിതമായ രീതിയിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച കേരള സർക്കാർ, ജനപ്രതിനിധികൾ എന്നിങ്ങനെ – ഏവരോടും എനിക്കും എൻറെ കുടുംബാംഗങ്ങൾക്കുമുള്ള നിസ്സീമമായ സ്നേഹവും കൃതജ്ഞതയും രേഖപ്പെടുത്തുന്നു’, എന്നാണ് കുറിപ്പിൽ ഭാര്യ എഴുതിയിരിക്കുന്നത്. സുശീല ആൻറിയിൽ നിന്ന് എന്ന് കുറിച്ചുകൊണ്ടാണ് വിനീത് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിന്റെ ജനനം നെടുമുടിയിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അധ്യാപകനായും പ്രവർത്തിച്ചു.