കോളിളക്കം സൃഷ്‌ടിച്ച വിവാഹമായിരുന്നു ഗായിക ഉഷ ഉതുപ്പിന്റെയും അവരുടെ ഭർത്താവ് ജാനി ഉതുപ്പിന്റെയും. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 78കാരനായ ജാനി ഉതുപ്പിന്റെ അന്ത്യം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ജാനി ഉഷയെ ആദ്യമായി കാണുമ്പോൾ ഉഷ വിവാഹിതയായിരുന്നു. ഉഷ പരിപാടി അവതരിപ്പിച്ചിരുന്ന കൊൽക്കത്തയിലെ പ്രശസ്ത നൈറ്റ് ക്ലബ്ബായ ട്രിങ്കാസിലായിരുന്നു ആ കണ്ടുമുട്ടൽ.
രാമു ആയിരുന്നു ഉഷയുടെ ആദ്യ ഭർത്താവ്. 2022ൽ റിലീസ് ചെയ്ത വികാസ് കുമാർ ഝായുടെ ‘ദി ക്വീൻ ഓഫ് ഇന്ത്യൻ പോപ്പ്: ദി ഓതറൈസ്ഡ് ബിയോഗ്രഫി ഓഫ് ഉഷ ഉതുപ്പ്’ എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. ഹെർപ് ആൽബർട്ടിന്റെ ‘എ ടേസ്റ്റ് ഓഫ് ഹണി’ പാടി നിൽക്കുന്ന ഉഷയെയാണ് ജാനി ആദ്യമായി കാണുന്നത്.
തുടർന്ന് ജാനിയും ഉഷയുടെ ആദ്യ ഭർത്താവ് രാമുവും പരസ്പരം സംസാരിച്ചിരുന്നു. രാമുവിന് കൊൽക്കത്തയിൽ ഒരു സുഹൃത്തിനെ ലഭിച്ചതിൽ ഉഷയ്ക്കും സന്തോഷം. അന്നേദിവസം വൈകുന്നേരത്തെ പരിപാടിയിൽ ജാനി പങ്കെടുത്തു, രാമു ഇല്ലായിരുന്നു. ഉഷയെ ജാനി വീട്ടിൽ കൊണ്ടുവിട്ടു.
ആ യാത്രയിൽ രണ്ടുപേരും അധികം സംസാരിച്ചിരുന്നില്ല. വീട്ടിലെത്തി വാതിലിൽ മുട്ടിയതും മുഖമാകെ വിളറി വെളുത്ത രാമു വാതിൽ തുറന്നു. ഉഷ വീട്ടിൽ കയറിയതും, രാമു വാതിൽക്കൽ നിന്ന ജാനിയോടായി രൂക്ഷ ഭാഷയിൽ പ്രതികരിച്ചു. ‘ഇത്രയും മതി മിസ്റ്റർ ഉതുപ്പ്, നിങ്ങൾക്ക് പോകാം’ എന്നായി രാമു’.
പൊതുവേ ശാന്തശീലനായ രാമുവിന്റെ ഭാവമാറ്റം ഉഷയെ അമ്പരപ്പിച്ചു. രാമു വാതിൽ കൊട്ടിയടച്ചു. ഒടുവിൽ രാമുവിനോടായി ഉഷ കാര്യമന്വേഷിച്ചു. പുസ്തകത്തിൽ പറയുന്നതനുസരിച്ച് രാമു പൊട്ടിത്തെറിച്ചുകൊണ്ട് അലറിക്കരഞ്ഞു. ‘ചൈനീസ് റെസ്റ്റോറന്റിൽ വച്ച് ജാനി എന്നോട് എന്ത് പറഞ്ഞെന്നറിയുമോ? ഉഷയുടെ വികാരം എന്തെന്നറിയില്ല, എനിക്ക് നിങ്ങളുടെ ഭാര്യയോട് പ്രണയം തോന്നുന്നു എന്നായി ജാനി. ഇത്രയും പറയുമ്പോൾ രാമു കോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.
‘അയാൾ അങ്ങനെ പറഞ്ഞു, എന്നിട്ടെന്തുണ്ടായി’ എന്നായി ഉഷ. ‘ജാനി പറഞ്ഞത് സത്യമാണോ? നിനക്ക് തിരിച്ചും അതേ വികാരമുണ്ടോ?’ എന്ന് വിറയാർന്ന ശബ്ദത്തിൽ രാമു ചോദിച്ചു. ഭയപ്പെടാതെ ‘അതേ’ എന്ന് ഉഷ മറുപടി നൽകി. എന്നാൽ ആ പ്രതികരണം രാമുവിന് ഉൾക്കൊള്ളാനായില്ല.രാമു ഒരു പ്ലേറ്റ് ശക്തമായി ചുമരിലേക്ക് എറിഞ്ഞു. ഉഷ ആ രാത്രി മുഴുവൻ കരഞ്ഞു. രാമു മെല്ലെ അകലാൻ ആരംഭിച്ചു. പരിപാടികൾക്ക് ഉഷയെ അനുഗമിക്കുന്നത് പോലും നിർത്തി. തൻ്റെ അഞ്ച് വർഷത്തെ ദാമ്പത്യജീവിതം ‘അന്ധകാരം നിറഞ്ഞതാണ്’ എന്ന് ഉഷ തിരിച്ചറിയുകയും രാമുവുമായി വേർപിരിയാനും ജാനി ചാക്കോയെ വിവാഹം കഴിക്കാനും അവർ തീരുമാനിച്ചു.