മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങൾ ആരുടെമുന്നിലും പറയാൻ ധൈര്യം കാട്ടുന്ന താരം കൂടിയാണ് പാർവതി. പലപ്പോഴും നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ പല വിമർശനങ്ങളും പാർവതിക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്. പാർവതിയുടെ പുതിയൊരു അഭിമുഖമാണിപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡിലെ മുൻനിര നടിമാർ വിവാഹം കഴിഞ്ഞും അമ്മയായതിന് ശേഷവും മുഖ്യവേഷത്തിൽ സിനിമകൾ ചെയ്യുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യത്തെ നേരിടേണ്ട സാഹചര്യത്തിലാണോ ഇന്നും മലയാളി നടിമാർ എന്നായിരുന്നു ചോദ്യം.
ഞാൻ വിവാഹിതയല്ല, മറ്റുള്ളവരുടെ കാര്യം എനിക്കു പറയാനുമാകില്ലെന്നാണ് താരം മറുപടി പറഞ്ഞത്. അതേ സമയം സമൂഹത്തിൽ പൊതുവിൽ അങ്ങനെയൊരു ചിന്താഗതിയുണ്ട്. ഇതൊരു പുരുഷ കാഴ്ചപ്പാടാണ്. അത് ചിലപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടാകാം. പക്ഷേ ബോളിവുഡിലെ സാഹചര്യം വ്യത്യസ്തമാണ്. അവരുടെ മാർക്കറ്റ് വളരെ വലുതാണ്. അവിടെ അവർ നായികമാർ മാത്രമല്ല നിർമാതാക്കൾ കൂടിയാണ്. സ്വന്തം സിനിമ ഒരുക്കുന്നത് പലപ്പോഴും അവർ തന്നെയാണ്, അല്ലെങ്കിൽ അവർ കൂടി ചേർന്നാണ്. സിനിമ എടുക്കരുതെന്ന് വേറെയാരും പറയുന്ന സാഹചര്യമുണ്ടാകുന്നില്ല. ഇവിടെ നായികമാർ നിർമാതാക്കൾ ആകുന്നില്ലല്ലോ- പാർവതി പറയുന്നു.
ബോളിവുഡിൽ മികച്ച വേതനം ലഭിക്കുന്നതുകൊണ്ടാണോ ഈ സാഹചര്യം വ്യത്യസ്തമാകുന്നത് എന്ന ചോദ്യത്തിന് അവിടെയും തുല്യ വേതനം ഉണ്ടെന്ന് എനിക്ക് പറയാനാകില്ലെന്നാണ് പാർവതി പ്രതികരിച്ചത്. ഇൻഡസ്ട്രി മാറുന്നത് കൊണ്ട് സ്ത്രീകൾക്ക് തുല്യ വേതനമില്ല, അക്കാര്യങ്ങൾ അങ്ങനെ തന്നെ തുടരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.