മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. 1978 ൽ വെളളിത്തിരയിൽ എത്തിയ മോഹൻ ലാൽ വൃത്യസ്തമായ 350 ൽ പരം കഥാപാത്രങ്ങളിൽ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് സംവിധായകൻ ആർ സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. പാദമുദ്രയുടെ ഷൂട്ടിങ് സമയത്ത് താനൊരു സന്യാസി ആകുമെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടെന്ന് സുകുമാരൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആർ സുകുമാരൻ ഇതേ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
‘പദമുദ്രയുടെ സമയത്ത് ഒരു മൊട്ടക്കുന്നിൽ ഷൂട്ട് ഉണ്ടായിരുന്നു. മരങ്ങളൊന്നുമില്ലാത്ത ഇടമാണ്. രാത്രിയിലാണ് ഷൂട്ടിങ്. നല്ല നിലാവൊക്കെയുണ്ട്. ഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങളൊക്കെ ചെയ്യുന്നതിനിടയിൽ ലാൽ അവിടെ മണ്ണിൽ തന്നെ ഒന്ന് കിടന്നു. ലാലേ ഭാവിയിൽ ലാൽ ഒരു സന്യാസിയെ പോലെ ആകുമെന്ന് ഞാൻ പറഞ്ഞു. ഇന്ന് അയാളുടെ മോൻ (പ്രണവ് മോഹൻലാൽ) ഒരു സന്യാസിയെ പോലെയാണ്. ലാലും അന്നത് പറഞ്ഞു, സന്യാസിയാകുമെന്ന്. ഞാൻ ചിരിച്ചു. സാർ ചിരിക്കണ്ട ഞാൻ സന്യാസിയാകുമെന്ന് വീണ്ടും പറഞ്ഞു’,
‘പ്രായം ഇത്രയേ ആയിട്ടുള്ളുവല്ലോ, അയാൾക്ക് ഇനിയും സന്യാസി ആകാമല്ലോ. മറ്റു നടന്മാർക്കൊന്നുമില്ലാത്ത, അയാൾക്കുള്ള പ്രത്യേകത എന്തെന്നാൽ, അയാൾ ഒരു കഥാപാത്രമായി അങ്ങ് മാറും. പിന്നെ കാണുന്നത് ലാലല്ല. അതിലേക്ക് അങ്ങ് ചേരും. അത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടാതെ ചെയ്യൂ. അതിനപ്പുറം ചെയ്യില്ല’, ആർ സുകുമാരൻ പറഞ്ഞു.
മോഹൻലാൽ മരംചുറ്റി പ്രേമങ്ങളോ, പാട്ടോ ഡാൻസോ ചെയ്യേണ്ട കാര്യമില്ല ക്ലാസ്സിക് സിനിമകൾ മാത്രം ചെയ്താൽ മതിയെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു. ‘ഇയാൾ ക്ലാസിക് സിനിമകൾ മാത്രം ചെയ്താൽ മതി. ആയിരം പടങ്ങൾ ചെയ്തു എന്ന് പറയുന്നത് കൊണ്ടൊന്നും കാര്യമില്ല. അതൊക്കെ ചെയ്യാൻ ഇപ്പോൾ വേറെ പിള്ളേർ ഒക്കെ ഉണ്ടല്ലോ. ഇവർക്കൊന്നും വലിയ ചാൻസ് ഇല്ലല്ലോ. മോഹൻലാൽ അടിച്ചുപൊളി സിനിമകൾ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അതിൽ എനിക്ക് മനഃപ്രയാസമുണ്ട്’, അദ്ദേഹം പറഞ്ഞു.