ഭാര്യ രാധികയ്ക്കും മൂത്ത മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയിയൽ പങ്കിട്ടുണ്ട്. സുരേഷ്ഗോപി മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടിയാണ് സുരേഷ് ഗോപി സമ്മാനിച്ചത്. ‘MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചത് ചർച്ചയായിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോദി ഡൽഹിയിലേക്ക് വിളിപ്പിച്ചത്. എന്നാൽ, സുരേഷ് ഗോപി വ്യക്തിപരമായി താൽപര്യമെടുത്ത് പ്രധാനമന്ത്രിയെ സന്ദർശിച്ചതാണെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണർവേകി എന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കളിൽ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.