മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ എത്തുന്നത്. ക്ഷോഭിക്കുന്ന യൗവനത്തിന്റേയും തീപ്പൊരി ഡയലോഗുകളുടേയും പുരുഷരൂപമായി മലയാളി പതിറ്റാണ്ടുകളായി കണ്ടത് സുരേഷ് ഗോപിയെന്ന സൂപ്പര്‍ സ്റ്റാറിനെയായിരുന്നു. സിനിമയ്ക്കും രാഷ്ട്രീയത്തിലുമൊപ്പം ആതുരസേവനരംഗത്തും തന്റെ സാന്നിധ്യമറിയിച്ച് രാഷ്ട്രീയത്തിലെ നന്മമുഖമായി സുരേഷ് ഗോപി മാറി. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച് അദ്ദേഹം മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയുമായി.
ആക്ഷൻ കിംഗ്, സൂപ്പർ സ്റ്റാർ, താരരാജാക്കൻമാരിൽ ഒരാൾ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകർ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. 90കളിൽ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവർത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
എൺപതുകളിൽ മലയാള സിനിമാ കഥാ പരിസരം സ്‌നേഹാർദ്രമായിരുന്നെങ്കിൽ ഇത് അടിമുടി മാറ്റിയെഴുതി കരുത്തിന്റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവർണ്ണകാലത്തോടെയായിരുന്നു. ആക്ഷനും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്‌ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ മലയാളി പ്രേക്ഷകർ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിർന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഏറ്റുപറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റേതായി ഒരുപിടി പോലീസ് വേഷങ്ങളാണ് വെള്ളിത്തിരയിലെത്തിയത്.
ആലപ്പുഴയിലെ ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും വി ഗണലക്ഷ്മിയമ്മയുടെയും മകനായി 1958 ജൂൺ 26 നായിരുന്നു സുരേഷ് ഗോപിയുടെ ജനനം. കൊല്ലം ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിലും ഫാത്തിമ മാതാ നാഷണൽ കോളേജിലുമായി വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്ത സുരേഷ് ഗോപി, ഇംഗ്ലീഷ് ഭാഷയിലാണ് ബിരുദാനന്തരബിരുദം നേടിയത്.
1965ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 1986ലാണ് അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവിൽ അദ്ദേഹത്തിന്റെ 10 സിനിമകളാണ് പുറത്തിറങ്ങിയത്. യുവജനോത്സവം, ടി പി ബാലഗോപാലൻ എം എ, രാജാവിന്റെ മകൻ, എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. 1990ൽ ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ രാധികയെ സുരേഷ് ഗോപി ജീവിതസഖിയാക്കി.