മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങൾ ചെയ്ത ശ്രദ്ധ നേടിയ കലാകാരിയാണ് ശോഭിത ധൂളിപാല. ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ താരം സിനിമാ മേഖലയിൽ നിന്നും വർണ്ണവിവേചനം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ്.
പരസ്യ ഓഡിഷനുകളിൽ പോകുന്ന സമയം തന്നോട് വെളുത്തിട്ടല്ലന്ന് പലരും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും വേണ്ടത്ര സുന്ദരിയല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് താരം ഓർത്തെടുത്തു. പക്ഷേ ഇതേക്കുറിച്ച് ഒന്നും ആലോചിച്ച് സമയം കളയാതെ സർഗാത്മകമായി എന്തെങ്കിലും ചെയ്ത സിനിമയിലേക്ക് എത്തണമെന്ന് താൻ ആഗ്രഹിച്ചു എന്നും അതിനായി പരിശ്രമിച്ചു എന്നും നടി കൂട്ടിച്ചേർത്തു.
വലിയൊരു സിനിമ സംവിധായകൻ തന്നെ അന്വേഷിച്ച് അവസരം നൽകുന്നതിന് കാത്തുനിൽക്കാതെ ഓഡിഷൻ പോകാനും കഴിവിന്റെ പരമാവധി നൽകാനുമായിരുന്നു തീരുമാനമെന്നും നടി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. ഇതിനോടകം മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും നിരവധി ചലച്ചിത്രമേഖലകളിൽ താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ ദുൽഖർ സൽമാന്റെ നായികയായി കുറുപ്പ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിത്താര,അമേരിക്കൻ ചിത്രമായ മങ്കി മാൻ എന്നിവയാണ് താരത്തിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങൾ.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിലും താരത്തിന് ശ്രദ്ധേയമായ കഥാപാത്രം ലഭിച്ചിരുന്നു. കൂടാതെ തന്റെ കഥാപാത്രം സെക്സിയോ ബോസിയോ ആയിരിക്കാം പക്ഷേ യഥാർത്ഥ ജീവിതത്തിൽ താൻ അങ്ങനെയുള്ള ആളല്ലെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.